ad
Deshabhimani

ആരൊക്കെ എവിടെയൊക്കെയെന്നറിയില്ല; വേദാന്ത പ്ലാന്റ് സ്ഫോടനത്തിൽ ഉറ്റവരെ തിരഞ്ഞ് കുടുംബങ്ങൾ

vedanta plant

വേദാന്ത പ്ലാന്‍റ് സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍

വെബ് ഡെസ്ക്

Published on Apr 15, 2026, 06:42 PM | 2 min read

ശക്തി (ഛത്തീസ്ഗഢ്): സ്ഫോടനം നടന്ന് 17 മണിക്കൂർ പിന്നിട്ടിട്ടും ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് പ്ലാന്റ് കവാടത്തിന് മുന്നിൽ ഉറ്റവരെ കാത്ത് നിൽക്കുകയാണ് കുടുംബങ്ങൾ. പ്ലാന്റിനുള്ളിൽ ആരെല്ലാം ജീവനോടെയുണ്ട്, ആരെല്ലാം മരിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:35-ന് വേദാന്ത ലിമിറ്റഡിന്റെ താപനിലയത്തിലുണ്ടായ ബോയിലർ ട്യൂബ് സ്ഫോടനത്തിൽ ഇതുവരെ 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 20 പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.


പ്ലാന്റിന് പുറത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടവരുടെ പട്ടിക ആരെങ്കിലും നൽകുമോ എന്ന പ്രതീക്ഷയോടെ അലയുന്ന രണ്ട് യുവാക്കളുണ്ട്. അതിലൊരാൾ രവീന്ദ്ര റാം ആണ്. സ്ഫോടനം നടന്ന സ്ഥലത്ത് ജോലിയിലുണ്ടായിരുന്ന തന്റെ സഹോദരൻ രാമുവിനെ തിരഞ്ഞാണ് രവീന്ദ്ര എത്തിയത്. പ്ലാന്റ് അധികൃതരിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ ഒരു വിവരവും ഇവർക്ക് ലഭിക്കുന്നില്ല.


"ഞങ്ങൾ ഉത്തർപ്രദേശിലെ സോൻഭദ്രയിലുള്ള കച്രൻവ ഗ്രാമത്തിൽ നിന്ന് വന്നതാണ്. ഏഴ് മാസമായി ഒരു കരാറുകാരന് കീഴിൽ ഇവിടെ ജോലി ചെയ്യുന്നു. ഈ വർഷം എന്റെ പെങ്ങളുടെ കല്യാണമാണ്. ഇന്നലെ വീട്ടിലേക്ക് പോകാനായി റായ്ഗഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്ഫോടന വിവരം അറിയുന്നത്. ഉടൻ തന്നെ തിരിച്ചോടിയെത്തി. എല്ലാവരോടും ഇതേക്കുറിച്ച് ചോദിച്ചു, പക്ഷേ ആരും ഒന്നും പറയുന്നില്ല. ചിലർ പറയുന്നു സഹോദരൻ മരിച്ചെന്ന്, മറ്റുചിലർ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് പറയുന്നു. ഒന്നിനും ഒരു സ്ഥിരീകരണമില്ല,' രവീന്ദ്ര കരഞ്ഞുകൊണ്ട് പറഞ്ഞു.


സ്ഫോടനം നടന്നയുടൻ എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ആകെ 34 പേരെയാണ് പ്ലാന്റിനുള്ളിൽ നിന്ന് പുറത്തെടുത്തതെന്ന് ശക്തി എസ്പി പ്രഫുല്ല താക്കൂർ അറിയിച്ചു. ഇതിൽ 16 പേർ മരിച്ചതായും ബാക്കിയുള്ളവർ അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.


എന്നാൽ മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടാൻ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് കുടുംബങ്ങളെ വലയ്ക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളുമായി അവർ ആശുപത്രി വരാന്തകളിലും പ്ലാന്റ് കവാടത്തിലും അലയുകയാണ്.


അപകടത്തിന് പിന്നിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. 'നാല് ദിവസം മുൻപ് തന്നെ ബോയിലറിൽ നിന്ന് വലിയ രീതിയിൽ പൊടി ഉയരുന്നത് ഞങ്ങൾ സൂപ്പർവൈസറോട് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ഇതൊക്കെ സാധാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,' രവീന്ദ്ര ഓർത്തെടുത്തു.


സ്ഫോടനത്തിന് പിന്നാലെ പ്ലാന്റിന് പുറത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനം തുടങ്ങിക്കഴിഞ്ഞു. ഭയം കാരണം ജോലി ഉപേക്ഷിച്ച് മടങ്ങുകയാണ് പലരും. 'ഇവിടെ ഇനി നിന്നിട്ട് എന്ത് കാര്യം? ഇത്രയും വലിയ അപകടം നടന്നുകഴിഞ്ഞു. ഞങ്ങൾക്ക് പേടിയാണ്. ഇനിയും ഇതുപോലൊന്ന് സംഭവിക്കില്ലെന്ന് ആര് കണ്ടു? പണത്തേക്കാൾ വലുത് ജീവനാണല്ലോ.' മധ്യപ്രദേശിലെ ഷഹ്ദോളിൽ നിന്നുള്ള തൊഴിലാളിയായ ദിലീപ് പ്ലാന്റ് വിടുമ്പോൾ പറഞ്ഞത് ഇതാണ്.


പ്ലാന്റിനുള്ളിൽ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്റിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടോ എന്ന കാര്യവും പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home