ഛത്തീസ്ഗഢ് പ്ലാന്റ് സ്ഫോടനം: വേദാന്ത ചെയർമാൻ അനിൽ അഗർവാളിനെതിരെ കേസ്; മരണം 20 ആയി

വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനം (ഇടത്), അനിൽ അഗർവാൾ (വലത്)
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ കമ്പനി ചെയർമാൻ അനിൽ അഗർവാളിനെതിരെ കേസെടുത്തു. സ്ഫോടനത്തിൽ വൻ തോതിൽ അശ്രദ്ധയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 14-നാണ് സിംഗിതരായ് ഗ്രാമത്തിലെ പ്ലാന്റിൽ സ്ഫോടനമുണ്ടായത്. ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദ്ദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. 16 തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അനിൽ അഗർവാൾ ഉൾപ്പെടെ എട്ടു മുതൽ പത്തോളം പേർക്കെതിരെയാണ് ഡാബ്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനഃപൂർവ്വമല്ലാത്ത നരഹത്യ, യന്ത്രസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിച്ചതായി ശക്തി എസ്പി പ്രഫുൽ താക്കൂർ അറിയിച്ചു. പ്ലാന്റ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ഫോറൻസിക് ലാബ് റിപ്പോർട്ടും ഇൻഡസ്ട്രിയൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെ കണ്ടെത്തലുകളും പുറത്തുവരുന്നതോടെ കൂടുതൽ നടപടികളുണ്ടാകും.









0 comments