print edition വിബിജിആർഎഎംജി കരട് ചട്ടം പ്രസിദ്ധീകരിച്ചു; വലിയ സംസ്ഥാനങ്ങൾക്ക് ഉയർന്ന വിഹിതം


സ്വന്തം ലേഖകൻ
Published on May 25, 2026, 12:00 AM | 1 min read
ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് മോദി സർക്കാർ അടിച്ചേൽപ്പിച്ച വിബിജിആർഎഎംജി പദ്ധതിയുടെ കരട് ചട്ടങ്ങൾ പുറത്തിറക്കി. കേന്ദ്രവിഹിതം വിതരണം ചെയ്യാൻ 16–ാം ധനകാര്യ കമീഷൻ ശുപാർശചെയ്‌ത ഫോർമുല പ്രകാരം പദ്ധതി തുക സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കാനാണ് വ്യവസ്ഥ.
ജനസംഖ്യ, ഭൂവിസ്‌തൃതി എന്നിവ പരിഗണിച്ച് വലിയ സംസ്ഥാനങ്ങൾക്കും ദരിദ്ര സംസ്ഥാനങ്ങൾക്കും കൂടുതൽ വിഹിതം നൽകുന്ന ഫോർമുല നടപ്പാക്കുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കാതാകും. തൊഴിലുറപ്പ് പദ്ധതിയിൽ വേതനം 100 ശതമാനം കേന്ദ്ര വിഹിതമായിരുന്നു. വിബിജിആർഎഎംജി പദ്ധതിയിൽ ചെലവ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 60:40 അനുപാതത്തിലാണ് കേന്ദ്ര–സംസ്ഥാന വിഹിതം. ഇൗ അധിക സാന്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതിന് പുറമേയാണ് കൂടുതൽ പ്രത്യാഘാതം സൃഷ്‌ടിക്കുന്ന വ്യവസ്ഥകൾ. കരട് ചട്ടങ്ങളിൽ ജൂൺ 21 വരെ അഭിപ്രായം അറിയിക്കാം. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലാകും.
ധനകമീഷൻ ആറു മാനദണ്ഡങ്ങളാണ് ഇൗ ഫോർമുലയിൽ പരിഗണിക്കുന്നത്. പ്രതിശീർഷ ജിഎസ്ഡിപിയിലെ അന്തരത്തിനാണ് ഏറ്റവും അധികം വെയിറ്റേജ്; 42.5 ശതമാനം. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയ്‌ക്ക് 17.5 ശതമാനമാണ് വെയിറ്റേജ്. ജനസംഖ്യാ നിയന്ത്രണം, ഭൂവിസ്‌തൃതി, വന വിസ്‌തൃതി, ജിഡിപി സംഭാവന എന്നിവയ്‌ക്ക് 10 ശതമാനം വീതം. ഇതിൽ ആദ്യ രണ്ട് പ്രധാന ഘടകങ്ങളും ബിഹാർ, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ പോലുള്ള വലിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം ഉറപ്പാക്കും. ജനസംഖ്യാ നിയന്ത്രണം അടക്കം കേരളം മികവ് പുലർത്തുന്ന ഘടകങ്ങൾക്ക് വെയിറ്റേജ് കുറവാണെന്നതും തിരിച്ചടിയാണ്.
പദ്ധതി നടത്തിപ്പിന്റെ മികവ് പരിഗണിച്ച് അധിക വിഹിതം അടുത്ത വർഷം മുതൽ നൽകുമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഇതെത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള കുടിശ്ശിക നൽകും. വിബിജിആർഎഎംജി ദേശീയ സ്റ്റിയറിങ് കമ്മിറ്റി, പരാതി പരിഹാര സംവിധാനങ്ങൾ, കേന്ദ്ര ഗ്രാമവികസന മന്ത്രി അധ്യക്ഷനായ കേന്ദ്ര ഗ്രാമീണ തൊഴിൽ ഗ്യാരന്റി കൗൺസിൽ എന്നിവയുണ്ടാകുമെന്നും വ്യവസ്ഥയിലുണ്ട്.










0 comments