print edition വിബിജിആർഎഎംജി നടപ്പിൽവരും; ജൂലൈ 1 മുതൽ ‘തൊഴിലുറപ്പില്ല’

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുമെന്ന് കേന്ദ്ര സർക്കാർ. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഇടതുപക്ഷത്തിന്റെ ശ്രമഫലമായി യുപിഎ സർക്കാർ കൊണ്ടുവന്ന രണ്ടുപതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതേദിവസം ഇല്ലാതാകും.
നിലവിലെ പദ്ധതിയുമില്ല പുതിയ പദ്ധതിയുമില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ചെയ്‍ത ജോലിയുടെ കൂലി കൊടുക്കാനും സർക്കാർ തയ്യാറായില്ല. പദ്ധതി വൈകിപ്പിക്കൽ തൊഴിൽ നഷ്ടപ്പെടാനും കാരണമായി. ജൂലൈ ഒന്നിന് പ്രാബല്യത്തിൽ എത്തിയാൽത്തന്നെ ഇൗ സാന്പത്തിക വർഷം ഒമ്പത് മാസമേ തൊഴിൽ ലഭിക്കൂ.
തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്, ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാവേണ്ട പദ്ധതിയുടെ ചട്ടങ്ങൾക്ക് രൂപം നൽകാനുള്ള നടപടികൾ സർക്കാർ വൈകിപ്പിച്ചിരുന്നു. ചട്ടങ്ങൾക്ക് രൂപം നൽകുന്നത് പുരോഗമിക്കുകയാണെന്ന് രണ്ട് മാസംമുമ്പേ പാർലമെന്റിൽ അറിയിച്ച കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായുംചേർന്ന് കരടുചട്ടങ്ങൾ തയ്യാറാക്കുകയാണെന്നാണ് തിങ്കളാഴ്‌ചത്തെ പ്രസ്‌താവനയിലും ആവർത്തിച്ചത്.
നിലവിലെ പദ്ധതിയിൽ തൊഴിൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ സർക്കാർ ഉത്തരവാദികളായിരുന്നു. പുതിയ നിയമം ഇൗ അവകാശത്തെ ഇല്ലാതാക്കുന്നു. കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും ഇനി തൊഴിൽ ലഭിക്കുക. 60 ദിവസംവരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്‍ക്കാം.
ഇത് കാർഷിക സീസണുകളിൽ തൊഴിലില്ലാതാക്കും. പദ്ധതിയുടെ സാന്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്‌ക്കുന്നതാണ് പുതിയ ബിൽ. പുതിയ പദ്ധതി പ്രകാരം വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം.
15ന് പണിമുടക്ക്
വിബിജിആർഎഎംജി പദ്ധതിക്കെതിരെ വലിയ ജനരോഷമാണുയരുന്നത്. മെയ് 15ന് കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദിയും എൻആർഇജിഎ സംഘർഷ് മോർച്ചയും ചേർന്ന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി നടക്കാത്ത സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
വിബിജിആർഎഎംജി പദ്ധതി പിൻവലിക്കുക, എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർധിപ്പിക്കുക, മിനിമം വേതനം 700 ആക്കുക എന്നിവയാണ് ആവശ്യങ്ങൾ. പ്രതിഷേധങ്ങൾക്ക് കേന്ദ്ര ട്രേഡ് യൂണിയനുകളും അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും പിന്തുണ അറിയിച്ചിട്ടുണ്ട്.










0 comments