തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന ബിൽ രാജ്യസഭയിലും പാസായി

ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ ഏക തൊഴിൽ സുരക്ഷയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അടിമുടി മാറ്റുന്ന ബിൽ ഏകപക്ഷീയമായി രാജ്യസഭയും പാസാക്കി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)’ അഥവാ വിബി-ജിറാം ജി ബിൽ 2025 സഭ പാസാക്കിയത്. എട്ട് മണിക്കൂർ ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും രാത്രി ഏഴുമണിക്ക് ആരംഭിച്ച നടപടിക്രമങ്ങൾ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി പ്രസംഗത്തിന് പിന്നാലെ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി. രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെ, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായി നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കുക മാത്രമല്ല, ഗ്രാമീണ കുടുംബങ്ങളുടെ ജീവിതോപാധിയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന മാറ്റങ്ങളുമാണ് വരുന്നത്. വേതന വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്ന വ്യവസ്ഥ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രതിവർഷം 2000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും. കൂടാതെ, തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി നിർത്തിവെക്കാമെന്ന വ്യവസ്ഥ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകും.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനൊപ്പം, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം, ആണവ മേഖലയിലെ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ സുപ്രധാനമായ മറ്റ് രണ്ട് ബില്ലുകളും ഏകപക്ഷീയമായി പാസാക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. സർക്കാരിന്റെ ഈ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ പാർലമെന്റിന് പുറത്ത് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയെ സംരക്ഷിക്കാൻ ഡിസംബർ 22-ന് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിൽ തൊഴിലാളികൾ ഒന്നടങ്കം തെരുവിലിറങ്ങും.











0 comments