ad
Deshabhimani

പുതിയ ബില്ലിന്റെ 
പകർപ്പുകൾ കത്തിച്ച് 
രാജ്യമെങ്ങും പ്രതിഷേധം

print edition വിബി–ജിആർഎഎം–ജി ; അലയടിച്ച്‌ പ്രതിഷേധം

Vb G Ram G Bill protest

രാജസ്ഥാനിലെ ദുർഗർപുരിൽ നടന്ന പ്രതിഷേധത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Dec 20, 2025, 02:30 AM | 2 min read


ന്യൂഡൽഹി

തൊഴിലുറപ്പ്‌ പദ്ധതിയെ ഇല്ലാതാക്കാൻ പാർലമെന്റിൽ കേന്ദ്ര സർക്കാർ പാസാക്കിയ വിബി–ജിആർഎഎം– ജി ബില്ലിനെതിരെ അലയടിച്ച്‌ രാജ്യവ്യാപക പ്രതിഷേധം. പാർലമെന്റിന്‌ പിന്നാലെ രാജ്യത്തെ ഗ്രാമങ്ങളിലും ജനങ്ങളുടെ രോഷം പ്രകടമായി. കർഷകത്തൊഴിലാളി യൂണിയനുകളുടെയും എൻആർഇജിഎ സംഘർഷ്‌ മോർച്ചയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ കണ്ണിചേർന്നു.


ബില്ലിന്റെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയുടെയും അഖിലേന്ത്യാ കിസാൻ സഭയുടെയും നേതൃത്വത്തിൽ നിരവധി കർഷകരും പ്രതിഷേധത്തിൽ പങ്കാളികളായി. കർഷക സംഘടനകളും വിദ്യാർഥികളുടെയും വനിതകളുടെയും സംഘടനകളും ബില്ലിന്റെ പകർപ്പുകൾ കത്തിച്ചു.

ബിൽ കത്തിച്ച്‌ രാജ്യതലസ്ഥാനത്ത്‌ പ്രതിഷേധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ അനുമതി നിഷേധിച്ചു. പ്രതിഷേധിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാരുൾപ്പെടെ ഡൽഹി ജന്തർ മന്തറിലെത്തി ബാനറുയർത്തി പ്രതിഷേധിച്ചു.


കർഷകത്തൊഴിലാളികളെയും ഗ്രാമീണരെയും തൊഴിലാളികളെയും കേന്ദ്ര സർക്കാർ ഇ‍ൗ ബില്ലിലൂടെ വഞ്ചിച്ചെന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു. 22ന്‌ രാജ്യമൊട്ടാകെ ഇടതുപാർടികളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കും.


രാജ്യസഭയിലും ശക്തമായി എതിര്‍ത്ത് സിപിഐ എം

തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ എതിരെ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം അലയടിച്ചു. പാവപ്പെട്ടവരും സാധാരണക്കാരുമായ തൊഴിലാളികൾ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ റോഡിൽ ചവിട്ടിയാണ്‌ താൻ ഇന്ത്യൻ പാർലമെന്റിലേക്ക്‌ എത്തിയതെന്ന്‌ വി ശിവദാസൻ പറഞ്ഞു.


‘അതിസന്പന്നരുടെ സ‍ൗജന്യങ്ങൾ പറ്റി ഉലകം മുഴുവൻ ചുറ്റുന്ന വിശ്വഗുരുക്കൻമാർക്ക്‌ പാവപ്പെട്ട തൊഴിലാളികളുടെ വേദനയും കഷ്‌ടപ്പാടും അറിയില്ല. ‘അ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന രണ്ട്‌ അതിസന്പന്നരുടെ കാര്യങ്ങൾ നോക്കാൻ മാത്രമാണ്‌ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും താൽപര്യമുള്ളു. തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ചെറിയ വേതനം പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ വലിയ സഹായമാണ്‌. തൊഴിൽ ആരുടെയും ഒ‍ൗദാര്യമല്ലെന്നും അവകാശമാണെന്നും ബോധ്യപ്പെടുത്തിയ ആദ്യത്തെ നിയമനിർമാണമാണ്‌ തൊഴിലുറപ്പ്‌ നിയമം.


1948ൽ മഹാത്മാഗാന്ധിയെ വകവരുത്തിയ തീവ്രഹിന്ദുത്വശക്തികൾ പദ്ധതിയുടെ പേരിൽനിന്ന്‌ മഹാത്മാഗാന്ധിയെ ഒഴിവാക്കിയതിലൂടെ അദ്ദേഹത്തെ വീണ്ടും വധിക്കുകയാണ്‌. പുതിയ നിയമം സർക്കാർ ഉടൻ പിൻവലിക്കണം’–വി ശിവദാസൻ ആവശ്യപ്പെട്ടു. സിപിഐ എമ്മിനുവേണ്ടി ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യയും സംസാരിച്ചു.


പ്രക്ഷോഭത്തിന്‌ പ്രതിപക്ഷം

നിർണായക ബില്ലുകൾ പാസാക്കി ലോക്‌സഭയും രാജ്യസഭയും അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്ന ‘വിബിജി ആർഎഎംജി ബിൽ’ വ്യാഴാഴ്‌ച അർധരാത്രി രാജ്യസഭയും പാസാക്കിയതിന്‌ പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ്‌ സമുച്ചയത്തിൽ പ്രതിഷേധ ധർണ നടത്തി.


ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള മോദിസർക്കാർ നീക്കത്തിനെതിരെ ഇനി പാർലമെന്റിന്‌ പുറത്ത്‌ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ്‌ പ്രതിപക്ഷത്തിന്റെ തീരുമാനം. 19 ദിവസം മാത്രമുണ്ടായിരുന്ന സമ്മേളനത്തിൽ മൊത്തം 92 മണിക്കൂറാണ്‌ ഇരുസഭയും ചേർന്നത്‌. സമ്മേളനത്തിന്റെ അവസാനദിവസങ്ങളിലാണ്‌ സുപ്രധാനബില്ലുകൾ കേന്ദ്രസർക്കാർ കൂട്ടത്തോടെ അവതരിപ്പിച്ചത്‌. രാജ്യത്തിന്റെ ആണവോർജ മേഖല വിദേശ, ആഭ്യന്തര കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന ‘ശാന്തി’ ബില്ലും ഇൻഷുറൻസ്‌ മേഖലയിൽ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ബില്ലും പാസാക്കി.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home