ad
Deshabhimani

ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം, വിബി-ജി റാം ജി ബിൽ പാസാക്കി; തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേന്ദ്രത്തിന്റെ മരണമണി

Loksabha
വെബ് ഡെസ്ക്

Published on Dec 18, 2025, 01:52 PM | 3 min read

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേരുവെട്ടിമാറ്റുന്നതിനും പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാന സർക്കാരുകളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ‘വികസിത്‌ ഭാരത്‌ – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ്‌ അജീവിക മിഷൻ (ഗ്രാമീൺ) ബിൽ (വിബി-ജിറാം ജി) 2025 ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ മറികടന്നാണ് നടപടി. കേന്ദ്രകൃഷിമന്ത്രി ശിവ്‍രാജ് സിങ് ചൗഹന്റെ മറുപടി പ്രസം​ഗത്തിനിടെ ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.


രാജ്യസഭയിലേക്കും ഉടൻ ബിൽ എത്തും. ശൈത്യകാല സമ്മേളനം കഴിയുന്നതിന് മുൻപ് വെള്ളിയാഴ്ച ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.


ഗാന്ധിജിയുടെ പേര്‌ ഒഴിവാക്കുന്നതിനൊപ്പം പദ്ധതിയുടെ അടിസ്ഥാനഘടന തന്നെ മാറ്റിമറിക്കുന്നതാണ്‌ ബിൽ. പദ്ധതി പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാക്കുന്ന, വൻ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിടുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. തൊഴിലാളി വേതനത്തിനുള്ള ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്നാണ്‌ പുതിയ പരിഷ്‌കാരം. പദ്ധതിക്ക്‌ പ്രതിവർഷം 1.5 ലക്ഷം കോടിയെങ്കിലും ചെലവ്‌ പ്രതീക്ഷിക്കുന്നുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ 55,000 കോടി മുടക്കേണ്ടി വരും.


തൊഴിലുറപ്പ്‌ പദ്ധതിയിൽ ഏതെങ്കിലും സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥയില്ല. എന്നാൽ, പുതിയ ബില്ലിൽ ഏറ്റവും തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന അപകടരമായ വ്യവസ്ഥ ഉൾപ്പെടുത്തി. വിതയും കൊയ്‌ത്തുമുൾപ്പടെ ഏറ്റവും തിരക്കുള്ള സീസണിലെ 60 ദിവസങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക്‌ മുൻകൂർ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ്‌ ബില്ലിൽ പറയുന്നത്‌. പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം പരമാവധി ഒഴിവാക്കി മൊബൈൽ, ബയോമെട്രിക്‌സ്‌, ജിയോ–ടാഗിങ്, നിർമിതബുദ്ധി ഓഡിറ്റിങ്ങ്‌ തുടങ്ങിയ നവസാങ്കേതികവിദ്യകളെ ആശ്രയിക്കാനും നിർദേശിക്കുന്നു.​


കേരളത്തിന്‌ പ്രതിവർഷം 
2000 കോടി അധികബാധ്യത


തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം കാരണം കേരളത്തിനുണ്ടാകുന്നത് പ്രതിവർഷം 1600 മുതൽ 2000 കോടി രൂപയുടെവരെ അധികബാധ്യത. നിലവിൽ പദ്ധതിച്ചെലവിന്റെ 90 ശതമാനവും നൽകുന്നത് കേന്ദ്രമാണ്. അത് 60 ശതമാനമാകുമ്പോൾ സംസ്ഥാനത്തിന് വലിയ ബാധ്യതയാകും. കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നൽകിയത് 4838 കോടി രൂപയാണ്. കേരളം മികച്ച നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്‌. ദേശീയതലത്തിൽ സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 53 ശതമാനവും കേന്ദ്ര വിഹിതമായിരിക്കെ കേരളത്തിൽ 25 ശതമാനമാണ്. തനത്‌ വരുമാനം കാര്യമായി ഉയർത്തുന്നതിനാലാണ്‌ സംസ്ഥാനം പിടിച്ചുനിൽക്കുന്നത്‌.


തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ മരണമണി


തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രം അട്ടിമറിക്കുമ്പോൾ, പേരിൽനിന്ന്‌ മഹാത്മാഗാന്ധിയെ ഒഴിവാക്കുന്നതിൽ മാത്രമാണ്‌ കോൺഗ്രസിന്‌ പ്രതിഷേധം. പദ്ധതിയെ തകർക്കുന്നതിൽ കേരളത്തിലെ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർക്ക്‌ ഒരു പ്രശ്‌നവുമില്ല. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പുറപ്പെടുവിച്ച പ്രസ്‌താവനയിലും പ്രതിഷേധം പേരുമാറ്റത്തിൽ ഒതുങ്ങി. ഗ്രാമീണ കുടുംബങ്ങളുടെ ജീവനാഡിയായ പദ്ധതി അവസാനിപ്പിക്കുംവിധമുള്ള പുതിയ ബില്ലിലെ നിർദേശങ്ങളെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ പ്രതികരിച്ചില്ല. ഇതേസമീപനമായിരുന്നു കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാർക്കും.


പദ്ധതിക്ക്‌ മരണമണിയാകുന്ന ബിൽ അജണ്ടയിൽ ഇല്ലാതെ തിരുകിക്കയറ്റി സഭയിൽ എത്തിയദിവസം യുഡിഎഫ്‌ എംപിമാർക്ക്‌ പ്രധാനവിഷയം ശബരിമലയായിരുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോഴും സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ പാരഡി പാട്ടു പാടുകയായിരുന്നു ഇവർ. രാജ്യത്തിന്റെ സുപ്രധാന പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധം ഉയർത്തിയില്ല.


ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച യുപിഎ സർക്കാരിന്റെ പദ്ധതിയാണ്‌ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. ഇടതുപക്ഷത്തിന്റെ നിർബന്ധത്തിലാണ്‌ യുപിഎയുടെ പൊതു മിനിമം പരിപാടിയിൽ പദ്ധതി ഇടം നേടിയത്‌. കേന്ദ്രസർക്കാരാണ്‌ ഇ‍ൗ പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും വഹിച്ചിരുന്നത്‌. 20 വർഷത്തിനിപ്പുറം, സാമ്പത്തികബാധ്യതയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ്‌ പുതിയ നിയമം. പദ്ധതിയുടെ ഭാവിതന്നെ അപകടത്തിലാകുമ്പോഴും കോൺഗ്രസ്‌ നടത്തിയ പ്രതിഷേധങ്ങളിലും പേരുമാറ്റം മാത്രമാണ്‌ വിഷയം. പദ്ധതിയോടുള്ള കോൺഗ്രസ്‌ നേതാക്കളുടെ ഇരട്ടത്താപ്പാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌.


രാജ്യം പ്രക്ഷോഭത്തിലേക്ക്


ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കുന്ന വിബി ജിറാം ജി ബില്ലിനെതിരെ 22ന്‌ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌തിട്ടുണ്ട്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷ പാർടികളുടെ സമ്മർദത്താൽ രൂപപ്പെട്ട പദ്ധതിയുടെ അടിസ്ഥാനഘടന അട്ടിമറിക്കുന്നതാണ്‌ പുതിയ ബില്‍. നിയന്ത്രിത തൊഴിലവകാശംപോലും നിഷേധിക്കുന്നു. ആവശ്യാനുസരണം -ഫണ്ട്‌ അനുവദിക്കുകയെന്ന ഉത്തരവാദിത്വത്തിൽനിന്ന്‌ കേന്ദ്രത്തെ നിയമപരമായി ഒഴിവാക്കുന്നത്‌ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.


തൊഴിൽദിനം 100ൽനിന്ന്‌ 125 ആക്കുമെന്ന വാഗ്‌ദാനം തട്ടിപ്പാണ്‌. തൊഴിൽ കാർഡ്‌ പരിഷ്‌കരണത്തിന്റെ പേരിൽ വലിയ വിഭാഗം ഗ്രാമീണ കുടുംബങ്ങളെ പദ്ധതിയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌. തിരക്കുള്ള കാർഷിക സീസണിൽ രണ്ടുമാസം പദ്ധതി നിർത്തിവയ്‌ക്കുന്നത്‌ ഏറ്റവും ആവശ്യമായ ഘട്ടത്തിൽ തൊഴിൽ നിഷേധിക്കുന്നതിന്‌ തുല്യം. ഇ‍ൗ ഘട്ടത്തിൽ തൊഴിലാളികൾ ഭൂവുടമകളെ ആശ്രയിക്കേണ്ടിവരും. ഡിജിറ്റൽ ഹാജരും മറ്റും നിർബന്ധമാക്കുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കും. തൊഴിൽ നിഷേധവും തൊഴിലവകാശങ്ങളുടെ അട്ടിമറിയുമാകും ഫലം.


ഫണ്ടിങ്‌ ഘടനയിൽ മാറ്റം വരുത്തുക വഴി സാമ്പത്തികബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിടുകയാണ്‌. തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക്‌ ഒരു പങ്കുമുണ്ടാകില്ല. പദ്ധതിപ്രകാരമുള്ള തൊഴിൽനൽകാനായില്ലെങ്കിൽ കൊടുക്കേണ്ട നഷ്‌ടപരിഹാരം സംസ്ഥാനങ്ങൾ വഹിക്കണം. ബില്‍ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യത്തിന്‌ ഫണ്ട്‌ അനുവദിച്ചും 200 തൊഴിൽദിനം ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും പദ്ധതിയെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടതെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home