print edition തൊഴിലുറപ്പ് അട്ടിമറി : ചരിത്രപരമായ പിഴവെന്ന് വിദഗ്‌ധർ

ന്യൂഡൽഹി
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ വിബിജി ആർഎഎംജി ബില്ലിനെ ‘ചരിത്രപരമായ പിഴവ്’ എന്ന് വിശേഷിപ്പിച്ച് ലോക പ്രശസ്‌ത സാന്പത്തിക വിദഗ്‌ധരും സാമൂഹിക ശാസ്‌ത്രജ്ഞരും. പുതിയ ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ വിദഗ്‌ധർ ആവശ്യപ്പെട്ടു. നൊബേൽ സമ്മാന ജേതാവ് ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ്, പവ്‌ലിന ആർ ചെർനേവ, തോമസ് പിക്കറ്റി, ഇസബെൽ ഫെരേരസ്, ഡാറിക് ഹാമിൽട്ടൺ, റാൻഡാൽ റേ, ജെയിംസ് ഗാൽബ്രെയ്‌ത്ത് എന്നിവരാണ് തുറന്ന കത്തയച്ചത്.
തൊഴിലാളിക്ക് നിയമപരമായി തൊഴിലിന് അവകാശം നൽകുന്ന ലോകത്തിലെ ഏറ്റവും പ്രധാന പദ്ധതിയാണ് തൊഴിലുറപ്പ്. പദ്ധതി നടപ്പാക്കിയ ആദ്യനാളുകളിൽതന്നെ ഇന്ത്യയുടെ ഗ്രാമങ്ങളിലെ തൊഴിൽ നിരക്കിൽ വലിയ വർധനവുണ്ടായി. ദീർഘകാലം ഫണ്ട് കുറച്ചുനൽകിയതും വേതനം നൽകുന്നതിലെ കാലതാമസവും പദ്ധതിയെ തടസപ്പെടുത്തി. ആനുപാതികമായ സാന്പത്തിക വിഹിതം അനുവദിക്കാതെ പദ്ധതി സംസ്ഥാനങ്ങൾക്ക് കൈമാറുന്നത് പദ്ധതിയെ അവതാളത്തിലാക്കി. പുതിയ രീതിയനുസരിച്ച് സാധന സാമഗ്രികളുടെ ചെലവിൽ നേരത്തെ 25 ശതമാനമായിരുന്നു സംസ്ഥാനം നോക്കേണ്ടത്. ഇപ്പോഴത് നൂറായി ഉയർത്തി. ഇത് വിനാശകരമായ സാഹചര്യം സൃഷ്ടിക്കും.
വേതനം നൽകുക മാത്രമല്ല പദ്ധതി ചെയ്യുന്നത്. പ്രാദേശിക സന്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഗ്രാമങ്ങളിൽ കിണറുകൾ, റോഡുകൾ, കുളങ്ങൾ എന്നിവ നിർമിക്കുകയും ചെയ്യുന്നു. ദാരിദ്ര്യനിർമാർജനം, സാമൂഹ്യ നീതി, പരിസ്ഥിതി സംരക്ഷണം എന്നിവയെ അകറ്റുന്നതിനുള്ള ഒരു പദ്ധതിയെ ഉപേക്ഷിക്കുകകൂടിയാണ് ചെയ്യുന്നത് –കത്തിൽ പറയുന്നു.









0 comments