ad
Deshabhimani

print edition ഗംഗാതീരത്തെ നിലവിളികൾ

Varanasi.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 01:24 AM | 2 min read

വാരാണസി: മോക്ഷംതേടിയെത്തുന്നവർക്ക്‌ നടുവിൽ ജീവിക്കുന്ന മനുഷ്യർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയുടെ നഗരകേന്ദ്രത്തിൽനിന്ന്‌ അഞ്ചുകിലോമീറ്റർ മാത്രമകലെ കാഴ്‌ചകൾ ഉള്ളുലയ്‌ക്കുന്നതാണ്‌. കാവിപുതച്ചുണരുകയും ഉറങ്ങുകയും ചെയ്യുന്ന ക്ഷേത്രനഗരത്തിൽ ദുരിതജീവിതം നയിക്കുന്നത്‌ ആയിരങ്ങൾ.


കന്നുകാലികളും തെരുവുനായകളും നിറഞ്ഞ പ്രധാനപാതയിൽനിന്ന്‌ മാറി സുന്ദർപുരിലെ ചേരികളിലേക്ക്‌ കാൽനടയായോ ഇരുചക്രവാഹനത്തിലോ പോകണം. ദുർഗന്ധവാഹികളായ ഓടകളിലെ കറുത്തവെള്ളത്തിൽ ചവിട്ടാതെ ഇവിടെയെത്തുക പ്രയാസം. പരമദരിദ്രരായി കണക്കാക്കപ്പെടുന്ന ദളിത്‌വിഭാഗമായ മുസഹറുകൾ തിങ്ങിപ്പാർക്കുന്ന ചേരികളിൽ ചിലത്‌ സുന്ദർപുരിലെ നവാദയിലുണ്ട്‌.


ഇപ്പോഴും തൊട്ടുകൂടാത്തവരായി സവർണർ കണക്കാക്കുന്നവർ. അൻപത് പിന്നിട്ട മുന്നി കൊച്ചുമകനെ ഇടുപ്പിലേന്തി വീടെന്ന്‌ തോന്നിക്കുന്ന കെട്ടിടത്തിലേക്ക്‌ വിരൽചൂണ്ടി. ഭർത്താവ്‌ വർഷങ്ങൾക്ക്‌ മുന്പേ മരിച്ചു. പ്രധാനമന്ത്രിയുടെ മണ്ഡലമായിട്ടും സഹായമൊന്നും ലഭിച്ചില്ലേയെന്നും ചോദിച്ചപ്പോൾ ഇല്ലെന്ന്‌ മറുപടി. ചേരിയിൽ രേഖകളുള്ള അപൂർവം താമസക്കാരിൽ ഒരാളായ മുന്നിക്ക്‌ വോട്ടർപട്ടികയിൽ പേരുണ്ടോയെന്നൊന്നും അറിയില്ല.


മാധ്യമപ്രവർത്തകരാണെന്നറിഞ്ഞപ്പോൾ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഇരുട്ട്‌ തങ്ങിനിൽക്കുന്ന ഒറ്റമുറി. ഇടയ്‌ക്കിടെ ഇടിഞ്ഞുവീഴുന്ന ഭാഗങ്ങൾ രാജ്‌കുമാർ കാട്ടിത്തന്നു. കുട്ടികളെ വീട്ടിൽ കിടത്തിയുറക്കാൻ പേടിച്ച്‌ പുറത്ത്‌ തറയിൽ ഷീറ്റ്‌ വിരിച്ചാണ്‌ ഉറക്കുന്നത്‌. വല്ലപ്പോഴും മാത്രം ശുചീകരണജോലി ലഭിക്കുന്ന രാജ്‌കുമാറിന്‌ ലഭിക്കുന്ന നാനൂറ്‌ രൂപയിൽനിന്ന്‌ വേണം മുന്നിയടക്കം ഏഴുപേരുടെ വയർ നിറയ്‌ക്കാൻ.


ഗുൽബഹിന്റെ രണ്ടുമുറി വീട്ടിൽ പ്രായമായ അമ്മയടക്കം ആറുപേർ. ഇവിടങ്ങളിൽ ശ‍ൗചാലയമില്ല. കുട്ടികൾക്ക്‌ പഠിക്കാൻ സ്‌കൂളില്ലെന്നും ഉണ്ടായിരുന്നവ പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ചേരിയിൽ വെള്ളമെത്തിച്ചത്‌ മാത്രമാണ്‌ പ്രധാനമന്ത്രി നടത്തിയ ഏക വികസനം. മുപ്പത്‌ വർഷം മുന്പ്‌ പണിത വീടിന്റെ വിണ്ടുകീറിയ ഭിത്തികൾ ഇടിഞ്ഞുവീഴുമെന്ന്‌ പേടിച്ച്‌ പകൽ വീട്ടിലിരിക്കില്ലെന്ന്‌ എഴുപതുകാരിയായ മാധുരി പറഞ്ഞു.


വീടിന്‌ നടുക്ക്‌ വലിയ ഗർത്തവും കാണിച്ചുതന്നു. സഞ്ജുവിന്‌ ഗുഹപോലുള്ള വീടാണ്‌. ഉള്ളിൽ വെളിച്ചമില്ല. ഉണ്ണുന്നതും ഉറങ്ങുന്നതും ഇതിനുള്ളിൽ. സ്‌കൂളിൽ പോകാൻ ആഗ്രഹമുണ്ടെങ്കിലും പറ്റില്ലെന്ന്‌ പതിനഞ്ചുകാരി കവിത പറഞ്ഞു. ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ മുദ്രാവാക്യമുയർത്തിയ മോദി, സ്വന്തം മണ്ഡലത്തോടുപോലും നീതിപുലർത്തുന്നില്ല.


എത്രപേർ പഠിക്കാനെത്തുന്നുവെന്ന്‌ ഒരുകിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്‌കൂളിന്റെ പ്രിൻസിപ്പൽ സ‍ൗരവ്‌ചന്ദ്ര പട്ടേലിനോടു ചോദിച്ചു. എട്ടുപേർ മാത്രമെന്ന്‌ മറുപടി. ചില സർക്കാരിതര സംഘടനകൾ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതുമില്ലെന്ന്‌ ആർജെഡി ജില്ലാ പ്രസിഡന്റ്‌ സുരേന്ദർ യാദവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home