ad
Deshabhimani

print edition ബനാറസിലെ താളംനിലയ്‌ക്കുന്ന തറികൾ

Banaras.jpg

വാരാണസി നഗരത്തിനടുത്തുള്ള പിലിക്കോത്തിയിൽ ബനാറസ്‌ സാരി മൊത്ത വ്യാപാരി ബദറുദീൻ നെയ്‍ത്തുകേന്ദ്രത്തില്‍

വെബ് ഡെസ്ക്

Published on Apr 07, 2026, 01:31 AM | 1 min read

വാരാണസി: കൈത്തറിയുടെ ലോകത്തെ അത്ഭുതമാണ് പട്ടുസാരികളിലെ വാരാണസി ‘ബ്രോക്കേഡുകൾ’. മുഗൾ ചക്രവർത്തി അക്‌ബറിന്റെ കാലത്ത്‌ പേർഷ്യൻ കരകൗശല വിദഗ്ധർ വാരണാസി(ബനാറസ്‌)യിലേയ്‌ക്ക്‌ കുടിയേറിയതു മുതൽ ഇ‍ൗ നഗരത്തിന്റെ മേൽവിലാസമായി മാറിയ ബനാറസിലെ പട്ടുസാരികൾ നെയ്‌തെടുക്കുന്നവരെ കാണാനാണ് ഫുൽവാരിയിലെത്തിയത്.


ഒരാൾക്ക്‌ മാത്രം നടന്നുപോകാവുന്ന ഫുൽവാരിയയിലെ ഗലികളിലൊന്നിൽ, റംസാൻ അൻസാരി എന്നയാളുടെ ചെറുകിട നെയ്‌ത്തുശാലയിലെത്തി. സ്വന്തം നെയ്‌ത്തുശാലയുടെ അന്ത്യം റംസാന്റെ കൺമുന്നിൽതന്നെയുണ്ട്. ഏഴുലക്ഷത്തോളം നെയ്‌ത്തുതൊഴിലാളികളുണ്ടായിരുന്ന നഗരത്തിൽ ഇപ്പോൾ അതിന്റെ പകുതിയിൽ താഴെ ആളുകൾ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായിട്ടുകൂടി വാരാണാസിയിലെ നെയ്‌ത്തുകാർക്ക്‌ സർക്കാർ സഹായങ്ങളൊന്നുമില്ല.


പത്തുവർഷത്തിന്‌ മുന്പ്‌ റംസാന്റെ നെയ്‌ത്തുശാലയിൽ 25 തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ എട്ടുപേർ മാത്രം. ‘യുപി സർക്കാർ പേരിനുപോലും പരുത്തിത്തുണി സംഭരിക്കുന്നില്ല. നെയ്‌ത്തുകാർക്കായി പദ്ധതികളോ സഹായമോ ക്ഷേമപദ്ധതികളോ ഇല്ല. നെയ്‌ത്ത്‌ എങ്ങനെ നിലനിർത്തുമെന്ന് അറിയില്ല. സ്വന്തമായി നെയ്‌തെടുത്ത സാരികളിൽ ചിലർ കെട്ടിത്തൂങ്ങി മരിച്ചു’ –റംസാൻ പറഞ്ഞു.


അബ്‌ദുൾ ബാബ്‌റിയും അനുൽ ഹോഥയും റംസാന്റെ നെയ്‌ത്തുശാലയിലെ തൊഴിലാളികളാണ്. മൂന്നൂറ് രൂപയാണ് ദിവസക്കൂലി. ഇവരെപ്പോലുള്ള മൂന്നരലക്ഷം നെയ്‌ത്തുകാർ നഗരത്തിലുണ്ടെങ്കിലും യൂണിയനുണ്ടാക്കി സമരം ചെയ്യാനുള്ള നീക്കങ്ങളെല്ലാം യുപിയിലെ ബിജെപി സർക്കാർ തുടക്കത്തിലെ തകർത്തു. കലക്‌ടർക്ക്‌ നിവേദനം നൽകിയതൊഴിച്ചാൽ സംഘടിതമായ ഒന്നും ചെയ്യാനായില്ലെന്ന്‌ തൊഴിലാളികൾ പറഞ്ഞു.


റസൂൽപുരയിലെ അഫ്‌താബ്‌ അഹമ്മദിനെയും അൽപം മാറിയുള്ള ഗലിയിൽ ബദറുദ്ദീന്റെയും നെയ്‌ത്തുശാലകളും കണ്ടു. നാല്‌ തൊഴിലാളികളെ പിരിച്ചുവിട്ട്‌ മകനൊപ്പം നെയ്യുകയാണിപ്പോൾ അഫ്‌താബ്‌. എത്ര നെയ്‌താലും ദിവസത്തിൽ 200 രൂപ മാത്രമേ കിട്ടൂ –അദ്ദേഹം പറഞ്ഞു. നിന്നുതിരിയാൻ ഇടമില്ലാത്ത ഗലിയിലെ ഒറ്റമുറിയിലാണ്‌ നെയ്‌ത്തുശാല. അഞ്ചുതൊഴിലാളികളുണ്ടായിരുന്ന ബദറുദ്ദീനും പറയാനുള്ളത് ഇതേ ജീവിതകഥ. ​


രാജ്യത്തിന്റെ അഭിമാനമായ ബാനറസ്‌ കൈത്തറി സാരികളുടെ പ്രതാപം മായുകയാണ്. മത്സരാധിഷ്‌ഠിതമായ ആഭ്യന്തര–അന്താരാഷ്‌ട്ര വിപണികളിൽ ബനാറസ്‌ കൈത്തറിക്ക്‌ സർക്കാർ പ്രത്യേകസഹായം ഒന്നും നൽകുന്നില്ല. പ്രമുഖ വ്യാപാരികളെല്ലാം ബനാറസ്‌ വിട്ട്‌ സൂറത്തിലേക്ക്‌ പോയി. ക്ഷേത്രനഗരത്തിന്റെ വികസനമെന്ന പേരിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ബിജെപി സർക്കാർ ഇടിച്ചുനിരത്തി. മുന്നറിയിപ്പുകളില്ലാതെയാണ്‌ നടപടികൾ. ന്യൂനപക്ഷങ്ങളുടെ മാത്രം ഭൂമിയും സ്വത്തും മാത്രം എന്തുകൊണ്ട് ഇടിച്ചുനിരത്തുന്നു എന്ന ചോദ്യത്തിനും ഉത്തരമില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home