വന്ദേഭാരതിൽ മോശം ഭക്ഷണം; ഐആർസിടിസിക്കും കരാർ കമ്പനിക്കും പിഴ ചുമത്തി

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഐആർസിടിസിക്കും (IRCTC) കാറ്ററിങ് കമ്പനിക്കും ഇന്ത്യൻ റെയിൽവേ പിഴ ചുമത്തി. ഐആർസിടിസിക്ക് 10 ലക്ഷം രൂപയും, ട്രെയിനിൽ കാറ്ററിങ് നടത്തിയ കമ്പനിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ശിക്ഷ വിധിച്ചത്. വീഴ്ച വരുത്തിയ കാറ്ററിങ് കമ്പനിയുടെ കരാർ റെയിൽവേ റദ്ദാക്കി.
മാർച്ച് 15-ന് 21896 നമ്പർ പട്‌ന-ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ട്രെയിനിൽ വിളമ്പിയ തൈരിൽ പ്രാണികളെ കണ്ടെത്തിയതായി യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വൻതോതിൽ പ്രചരിക്കുകയും പ്രീമിയം ട്രെയിനുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ സുരക്ഷയും ഭക്ഷണത്തിന്റെ ഗുണനിലവാരവുമാണ് റെയിൽവേയുടെ പ്രധാന മുൻഗണനകളെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ ആകെ 2.6 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ പിഴയായി ഈടാക്കിയിട്ടുള്ളത്.
2025ൽ മാത്രം പാന്ട്രി കാർ ജീവനക്കാർ യാത്രക്കാരെ ആക്രമിച്ച മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇവർക്കെതിരെ അതത് സർക്കാർ റെയിൽവേ പോലീസ് (GRP) നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രീമിയം സേവനം അവകാശപ്പെട്ട് ആരംഭിച്ച വന്ദേഭാരത് സർവീസുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിരന്തരം പരാതികൾ ഉയരുന്നുണ്ട്.










0 comments