വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം; സഭ നിർത്തിവച്ച് ചർച്ച വേണമെന്ന് എംപിമാര്‍

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമവും രാജ്യത്തെ പരീക്ഷാക്രമക്കേടുകളും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എംപിയും ഡോ. ജോൺ ബ്രിട്ടാസ് എംപിയും രാജ്യസഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.
വിദ്യാർഥികൾക്കെതിരെ പൊലീസ് അഴിച്ചുവിട്ട അതിക്രൂരമായ അക്രമം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു. നൂറോളം പരീക്ഷകളിൽ ചോദ്യപ്പേപ്പർ ചോർച്ചാ ആരോപണം നേരിടുകയും അമ്പതോളം പുനഃപരീക്ഷകൾ നടത്തേണ്ടിവരികയും ചെയ്ത നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്നാണ് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. രാജ്യവ്യാപകമായ പരീക്ഷാക്രമക്കേടുകളിലേക്കും വിദ്യാർഥി ആത്മഹത്യകളിലേക്കും നയിച്ച അടിസ്ഥാന കാരണങ്ങളും സ്ഥാപനപരമായ വീഴ്ചകളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ കേന്ദ്രീകൃത പ്രവേശനപരീക്ഷാ സംവിധാനത്തിന്റെ വിപുലമായ പ്രത്യാഘാതങ്ങളും സഭ ചർച്ച ചെയ്യണമെന്ന് ബ്രിട്ടാസ് നോട്ടീസിൽ വ്യക്തമാക്കി. ദിവസത്തെ മറ്റ് നടപടികൾ നിർത്തിവച്ച് വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.










0 comments