ad
Deshabhimani

പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കണം; മുൻ ഐപിഎസ് ഓഫീസറും പരിക്കേറ്റവരും സുപ്രീം കോടതിയിൽ

pellet guns
വെബ് ഡെസ്ക്

Published on Jul 28, 2026, 11:56 AM | 2 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ വീഴ്ചകളിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെ മാരകമായ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ യശോവർദ്ധൻ ആസാദ്, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പ്രശാന്ത് കുമാർ, ഷെയ്ഖ് ഇർഷാദ് മൻസൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വ വൃന്ദ ഗ്രോവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.


പ്രതിഷേധങ്ങൾ അടിച്ചമർത്താൻ നിയമപാലകർ മെറ്റാലിക് പ്രൊജക്റ്റിലുകളും പെല്ലറ്റുകളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.


ജൂലൈ 20-ന് ഡൽഹിയിൽ നടന്ന 'സൻസദ് ചലോ' മാർച്ചിനിടെ ഡൽഹി പോലീസും സിആർപിഎഫിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് കുട്ടികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ട സംഭവവും ഉണ്ടായി.


പമ്പ് ആക്ഷൻ തോക്കുകളിൽ നിന്ന് (Pump Action Guns) ഒറ്റത്തവണ വെടിയുതിർക്കുമ്പോൾ നൂറുകണക്കിന് ചെറിയ ലോഹച്ചില്ലുകൾ പ്രതിഷേധകരുടെ ദേഹങ്ങളിലേക്ക് തുളച്ചു കയറും. മരണം സംഭവിച്ചില്ലെങ്കിലും ജീവിത കാലം മുഴുവൻ ദുരിതങ്ങൾ ഉണ്ടാക്കുന്ന വിധമാണ് ഇവ പ്രധാനപ്പെട്ട അവയവങ്ങളിൽ ചെന്നു തറിക്കുന്നത്.


യാതൊരു പ്രകോപനവുമില്ലാതെയും മുന്നറിയിപ്പുകൾ നൽകാതെയുമാണ് പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതെന്ന് പരിക്കേറ്റ പ്രശാന്ത് കുമാറും ഇർഷാദ് മൻസൂരിയും ഹര്‍ജിയിൽ ചൂണ്ടികാട്ടി. മുന്നറിയിപ്പ് നൽകുന്നതിനോ പിരിഞ്ഞുപോകാനായി ജലപീരങ്കി ഉപയോഗിക്കുകയോ മറ്റ് അറിയിപ്പുകൾ നൽകുകയോ ചെയ്തില്ല. ഭയന്നോടിയ പ്രതിഷേധക്കാർക്ക് നേരെ ആർഎഎഫ് ഉദ്യോഗസ്ഥർ നേരിട്ട് പെല്ലറ്റുകൾ ഉതിർക്കുകയായിരുന്നു. ഇതിന് ഔദ്യോഗിക ഉത്തരവുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യം ആര്‍പിഎഫ് അവലോകന യോഗത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടു.


സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 19(3) പ്രകാരമുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിച്ചത്. വെടിയുതിർത്തു കഴിഞ്ഞാൽ പെല്ലറ്റുകൾ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ല. അതിനാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് തികച്ചും അപകടകരവും അന്യായവുമാണ് എന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടി.


ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നേരിടാൻ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായോ ഭാഗികമായോ തടയണമെന്നും നിരോധിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ ജൂലൈ 20-ന് നടന്ന പൊലീസ് അതിക്രമങ്ങളിൽ പരിക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സമ്പൂർണ ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home