print edition പ്രവാസികൾക്കുനേരെയുള്ള ചൂഷണം വർധിക്കുന്നു ; കേന്ദ്രം ഇടപെടണമെന്ന് വി ശിവദാസൻ

ന്യൂഡൽഹി
വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർ തൊഴിൽ പ്രശ്‌നങ്ങളും ചൂഷണവും നേരിടുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. വി ശിവദാസൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2021ൽ വിവിധ രാജ്യങ്ങളിലെ എംബസികളിൽ ഇന്ത്യൻ പ്രവാസികൾ സമർപ്പിച്ചത് 11,632 പരാതികളാണ്. ഇത് 2025ൽ ഇരട്ടിയോളം വർധിച്ച് 22,771 ആയി. 2024നെ അപേക്ഷിച്ച് 6,000ൽ അധികം പരാതിയുടെ വർധന. ശമ്പളം നൽകാതിരിക്കുക, പാസ്‌പോർട്ട് പിടിച്ചുവയ്‌ക്കുക, ലീവ് നൽകാതെ പണിയെടുപ്പിക്കുക, നിയമന സമയത്ത് വാഗ്ദാനം ചെയ്ത ജോലി നൽകാതിരിക്കുക, ആരോഗ്യ ഇൻഷുറൻസ് നൽകാതിരിക്കുക, മരണശേഷമുള്ള നഷ്ടപരിഹാരം നോമിനികൾക്ക് നൽകാതിരിക്കുക തുടങ്ങിയവയാണ് പരാതികളിൽ ഏറെയും. 2025ൽ യുഎഇ (4,138), കുവൈറ്റ് (4081) രാജ്യങ്ങളിൽനിന്നാണ് കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്. സൗദി അറേബ്യ, കംബോഡിയ, മ്യാൻമർ, മലേഷ്യ, ഒമാൻ, ലാവോസ്, മാൽഡീവ്‌സ് തുടങ്ങിയ രാജ്യങ്ങളിൽനിന്നായി നിരവധി പരാതികൾ സമർപ്പിക്കപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങളിൽ പെട്ടന്ന് ഇടപെടാറുണ്ട് എന്ന് മറുപടിയിൽ സർക്കാർ അവകാശപ്പെടുമ്പോഴും ചൂഷണം വർധിക്കുകയാണെന്ന് വി ശിവദാസൻ പറഞ്ഞു.










0 comments