ad
Deshabhimani

സ്ഥിരതാമസവും പാടില്ല പ്രവേശനവുമരുത്; ഹരിദ്വാറിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ ഉത്തരാഖണ്ഡ് സർക്കാർ

Haridwar.jpg
വെബ് ഡെസ്ക്

Published on Jan 06, 2026, 04:46 PM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള 105 ഗംഗാ ഘാട്ടുകളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഏതാനും സന്യാസിമാരുടെയും ഹർ-കി-പൗരി ഘാട്ടിന്റെ പരിപാലന ചുമതലയുള്ള ഗംഗാ സഭയുടെയും ആവശ്യപ്രകാരമാണ് നടപടി.


ഹരിദ്വാറിനെയും ഋഷികേശിനെയും 'സനാതന പവിത്ര നഗരങ്ങളായി' പ്രഖ്യാപിക്കാനും സർക്കാർ ആലോചനയുണ്ട്. 2027 ജനുവരി 14-ന് ആരംഭിക്കുന്ന അർദ്ധ കുംഭമേളയോട് അനുബന്ധിച്ച് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സാധ്യത.


ഇതിനായി 1916-ൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയും ബ്രിട്ടീഷുകാരും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഹിന്ദുക്കൾക്ക് ഘാട്ടുകളിൽ പ്രവേശനം നിഷേധിക്കുന്നതിന് പുറമെ, ഹരിദ്വാറിലും ഋഷികേശിലും അവർക്ക് സ്ഥിരതാമസത്തിന് അനുമതി നൽകില്ലെന്ന വിചിത്ര വ്യവസ്ഥയും സർക്കാർ പരിഗണിക്കുന്നുണ്ട്.


ജോലിക്കായി നഗരത്തിൽ പ്രവേശിക്കുന്നവർ പണി പൂർത്തിയാക്കിയാൽ ഉടൻ മടങ്ങണമെന്നും നിർദ്ദേശമുണ്ടാകും. 'ദേവഭൂമി'യുടെ ആത്മീയവും സാംസ്കാരികവുമായ വ്യക്തിത്വം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.


സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. നിലവിൽ ഹർ-കി-പൗരി പ്രദേശത്ത് ഇത്തരമൊരു നിയന്ത്രണം ഉണ്ടെങ്കിലും അത് വ്യാപകമാക്കുന്നത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. വർഗീയ അജണ്ടയുടെ ഭാഗമായി നടക്കുന്ന ഈ നീക്കം രാജ്യത്തിൻറെ തന്നെ ഐക്യത്തിന് മങ്ങലേൽപ്പിക്കുന്നതാണെന്നും പ്രതിപക്ഷം പറഞ്ഞു.


ഉത്തരാഖണ്ഡ് സർക്കാരിന്റെ നീക്കം വർഗീയ സംഘർഷം സൃഷ്ടിക്കാനാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും ഭയപ്പെടുത്താനുമുള്ള വെറുമൊരു മറ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


ബ്രിട്ടീഷുകാരുടെ 'വിഭജിച്ച് ഭരിക്കുക' എന്ന നയമാണ് ബിജെപി സർക്കാർ ഇവിടെ പിന്തുടരുന്നത്. രണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉടൻ പിന്തിരിയണം.


ഹരിദ്വാറിലെയും ഋഷികേശിലെയും ഇതര മതസ്ഥരുടെ പ്രവേശനത്തിനും താമസത്തിനും വിലക്കേർപ്പെടുത്താനുള്ള നീക്കം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home