ad
Deshabhimani

കൂജയിൽ നിന്നും വെള്ളം കുടിച്ചു; ദളിത് യുവാക്കൾക്ക് ക്രൂര മർദനം, നട്ടെല്ലിന് ഒടിവ്, തലയ്ക്ക് ഗുരുതര പരിക്ക്

dalith brothers

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 13, 2026, 02:16 PM | 1 min read

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ദളിത് യുവാക്കൾക്ക് നേരെ ജാതീയ അധിക്ഷേപവും ക്രൂരമായ ആക്രമണവും. കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിലും ക്രൂരമായ മർദനത്തിലും കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലയ്ക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം ആരോപിച്ചു.


ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉമേഷും ശുഭവും ബന്ധുക്കളായ രാകേഷ് ആര്യ, അജയ് ആര്യ എന്നിവരോടൊപ്പം കല്യാണവീട്ടിൽ ഡിജെ സിസ്റ്റം പ്രവർത്തിപ്പിക്കാൻ എത്തിയതായിരുന്നു. ചടങ്ങിനിടെ ദാഹം തോന്നിയ രാകേഷ് അവിടെയുണ്ടായിരുന്ന ഒരു മൺകൂജയിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചു. ഇത് കണ്ട വരന്റെ വീട്ടുകാർ രാകേഷിനെ തടയുകയും നീ ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ച് മർദിക്കുകയും ചെയ്തു. ഇത് കണ്ടുകൊണ്ടെത്തിയ ശുഭത്തെ ഒരു സംഘം ആളുകൾ ചേർന്ന് ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് മർദനം തുടങ്ങുകയും ചെയ്തു. താഴെ വീണ ശുഭത്തെ അക്രമികൾ ബൂട്ട് ഉപയോഗിച്ച് മുഖത്തും ശരീരത്തിലും ചവിട്ടിയതായും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ഉമേഷിന് നേരെയും അക്രമികൾ തിരിഞ്ഞു. ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും നിലത്തിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഉമേഷിന്റെ തലയിൽ നിന്ന് രക്തം വാർന്നു.


സംഭവത്തിൽ പരാതി നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. നിലവിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നും ജാതീയമായ കാരണങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home