ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: 9 സൈനികരെ കാണാതായി; 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ

cloud
വെബ് ഡെസ്ക്

Published on Aug 06, 2025, 07:53 AM | 1 min read

ഉത്തരകാശി : ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നി​ഗമനം. രക്ഷാപ്രവർത്തനത്തിനെത്തിയ ഒമ്പത് സൈനികരെ കാണാതായി. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഡാവർ നായകളെ എത്തിക്കും. ഉത്തരാഖണ്ഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.


മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.


ചൊവ്വാഴ്ച ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോര്‍ട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകര്‍ന്നു. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണ് പ്രാഥമിക വിവരം. വ്യോമമാര്‍ഗമെത്തി കരസേനയും സംസ്ഥാന കേന്ദ്ര ദുരന്ത നിവാരണ സേനകളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ധരാളി ഗ്രാമത്തില്‍ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖിയിലും തുടര്‍ ദുരന്തമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home