യുപിയിൽ താപനില 48 ഡിഗ്രി കടന്നു; രാത്രിയിൽ ഫ്ലഡ്‌ലൈറ്റ് വെളിച്ചത്തിൽ പണിയെടുത്ത് കർഷകർ

ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ദയിൽ ഉഷ്ണതരംഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിനെയും ചൂരുവിനെയും കടത്തിവെട്ടി രാജ്യത്തെ ഏറ്റവും ചൂടുകൂടിയ പ്രദേശമായി മാറിയിരിക്കുകയാണ് ഇപ്പോൾ യുപിയിലെ ബാന്ദ.
ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 48.2 ഡിഗ്രി സെൽഷ്യസാണ്. ഇതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. രാവിലെ പത്തു മണിയാകുമ്പോഴേക്കും ചൂട് മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതോടെ ജില്ലയിലെ നഗരങ്ങളും വഴിയോരങ്ങളുമെല്ലാം പൂർണ്ണമായും വിജനമാവുകയാണ്.
ചൂട് അസഹനീയമായതോടെ ജനങ്ങൾ തങ്ങളുടെ ജീവിതശൈലി തന്നെ മാറ്റിമറിച്ചിരിക്കുന്നു. രാവിലെ 10 മണിക്ക് മുൻപ് തന്നെ ഭൂരിഭാഗം ആളുകളും ജോലി അവസാനിപ്പിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടാലും വൈകുന്നേരം വരെ ആരും പുറത്തിറങ്ങാറില്ലെന്ന് വ്യാപാരികൾ പറയുന്നു.
കേവലമൊരു കാലാവസ്ഥാ വ്യതിയാനം എന്നതിനപ്പുറം, ദാക്ഷിണ്യമില്ലാത്ത പ്രകൃതി ചൂഷണവും പ്രാദേശികമായ ആവാസവ്യവസ്ഥയുടെ നശീകരണവുമാണ് ബാന്ദയെ ഈ തീച്ചൂളയിലേക്ക് തള്ളിവിട്ടത്. പകൽ സമയങ്ങളിൽ വയലുകളിൽ ഇറങ്ങാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ, കർഷകർ എൽഇഡി ഫ്‌ളഡ് ലൈറ്റുകളുടെ വെളിച്ചത്തിൽ രാത്രികാലങ്ങളിലാണ് ഇപ്പോൾ കൃഷിപ്പണി ചെയ്യുന്നത്.
കടുത്ത ചൂടിൽ പകൽ പണിയെടുക്കുന്നതിനേക്കാൾ ഭേദം കൂലിയിൽ 40 ശതമാനം കുറവ് വരുത്തിയാലും രാത്രി ജോലി മതിയെന്നാണ് തൊഴിലാളികളുടെ നിലപാട്. അസഹനീയമായ ചൂട് കാരണം പ്രദേശത്തുനിന്നും വൻതോതിൽ ജനങ്ങൾ പലായനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
ചൂട് താങ്ങാനാകാതെയും അമിത ജോലിഭാരം മൂലവും വൈദ്യുതി ട്രാൻസ്‌ഫോമറുകൾ കരിഞ്ഞുപോകുന്നത് ഇവിടെ പതിവായിരിക്കുകയാണ്. ഇത് തടയാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ നിരന്തരം ട്രാൻസ്‌ഫോമറുകളിൽ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന കാഴ്ചയാണ് ബാന്ദയിലുള്ളത്. ഭക്ഷണശാലകൾ പോലും സൂര്യാസ്തമയത്തിന് ശേഷമാണ് ഇവിടെ സജീവമാകുന്നത്.











0 comments