print edition ട്രംപ് കൂടുതൽ അപകടകാരിയാകും; ഇന്ത്യക്ക് സമ്മർദമേറും

ന്യൂഡൽഹി : ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാർ വേഗത്തിലാക്കാനും, ഉയർന്ന ഇറക്കുമതിച്ചൂങ്കം അടിച്ചേൽപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിക്കുമെന്ന് വാണിജ്യ, ഭൗമരാഷ്ട്രീയ വിദഗ്ധർ കരുതുന്നു. അതേസമയം, ട്രംപിന് യുഎസ് കോൺഗ്രസിൽ പിടി നഷ്ടമായ സാഹചര്യം ഇന്ത്യക്ക് കൂടുതൽ വിലപേശാനുള്ള അവസരവും സൃഷ്ടിച്ചിട്ടുണ്ട്.
ആഭ്യന്തരമായി കരുത്ത് തെളിയിക്കുന്നതിന്റെ ഭാഗമായി വാണിജ്യക്കരാർ ചർച്ച വേഗത്തിലാക്കാനും കരാർ പൂർത്തിയാകുംവരെ ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ചുമത്താനും ട്രംപ് ഒരുന്പെട്ടേക്കുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് എന്ന വാണിജ്യ നയരൂപീകരണ സ്ഥാപനമേധാവി അജയ് ശ്രീവാസ്തവ നിരീക്ഷിക്കുന്നു. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്കെതിരായ വിദേശനയതന്ത്രം പരാജയപ്പെടുന്ന സാഹചര്യത്തിൽ, ട്രംപിന് ഉടനടി വിജയം അനിവാര്യമാണ്.
യുഎസ് കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാനും യുഎസ് കമ്പനികൾക്ക് ഇളവ് നേടാനും ഇന്ത്യയുമായുള്ള കരാർ വേഗത്തിലാക്കാൻ ട്രംപ് തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാൻ സാധ്യത ഏറെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയ്ക്കുമേൽ 50 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപിന് അനുമതി നൽകിയ പ്രതികാരചുങ്കനയം ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും, താരിഫ് ചുമത്താൻ ട്രംപിന് മുന്നിൽ മറ്റ് മാർഗങ്ങളുണ്ട്.
റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൂറുശതമാനംവരെ തീരുവ വ്യവസ്ഥ ചുമത്താൻ പ്രസിഡന്റിന് അനുമതി നൽകുന്ന നിയമം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പ്രതിനിധികളുടെ ശക്തമായ പിന്തുണയോടെയാണ് പാസായത്. ഈ നിയമപ്രകാരം ട്രംപ് ഇന്ത്യക്കുമേൽ തീരുവ ചുമത്താൻ തീരുമാനിച്ചാൽ യുഎസ് കോൺഗ്രസ്, ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാണെങ്കിലും കാര്യമായ എതിർപ്പ് നേരിടേണ്ടി വരില്ല. കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപിന് അധിക തീരുവ ചുമത്താനുള്ള പഴുതുമുണ്ട്.
തൊഴിൽചൂഷണത്തിലൂടെ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാനെന്ന പേരിൽ താരിഫ് കൂട്ടാനും ട്രംപിന് അവസരമുണ്ട്.
യുഎസ് കോൺഗ്രസിന്റെ നിയന്ത്രണമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം മുൻഗണനയിൽനിന്നു പിന്നോട്ടുപോകുന്നതിനേക്കാൾ സമ്മർദ്ദം കടുപ്പിക്കുന്ന രീതിയാണ് ട്രംപ് സ്വീകരിക്കാറുള്ളതെന്ന് ഭൗമരാഷ്ട്രീയ -വിദഗ്ധനായ ദീപ് പാൽ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക്കൻ വോട്ടർമാർക്ക് വൻ വിജയമായി തോന്നിച്ചേക്കാവുന്ന ഏതെങ്കിലും തീരുമാനം എടുക്കേണ്ട സാഹചര്യത്തിലാണ് ട്രംപ്. ഇന്ത്യയുമായുള്ള സ്വതന്ത്രവാണിജ്യക്കരാർ ട്രംപ് അതിനുള്ള അവസരമാക്കും. ശക്തമായ വിലപേശൽ നടത്തി കരാർ ഇന്ത്യൻ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും അനുകൂലമാക്കേണ്ടത് കേന്ദ്രസർക്കാരാണ്.
തോറ്റതിന് കാരണം യുദ്ധം: വാൻസ്
ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ അമർഷമെന്ന് തുറന്ന്സമ്മതിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 2024-ൽ ട്രംപ്/വാൻസ് ടീമിന് വോട്ട് ചെയ്ത പല വോട്ടർമാരും അത്യധികം ദേഷ്യത്തിലായിരുന്നു അവർ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു,വാൻസ് എക്സിൽ കുറിച്ചു.
ഇറാൻ യുദ്ധം അവസാനിപ്പിക്കുക, ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, അമേരിക്കയ്ക്ക് മുൻഗണന നൽകുക, ഇസ്രയേലുമായുള്ള യുഎസ് ബന്ധത്തിൽ മാറ്റം വരുത്തുക എന്നിവയാണ് ജനങ്ങളുടെ അതൃപ്തി മാറ്റാനുള്ള പ്രധാന മാർഗങ്ങളെന്നും വാൻസ് കുറിച്ചു.
വിദേശ രാജ്യങ്ങളിലെ യുഎസ് സൈനിക ഇടപെടലുകളുടെ കാര്യത്തിൽ ട്രംപിന്റെ നിലപാടിനോട് വാൻസിന് എതിർപ്പുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇറാനിലെ ആക്രമണങ്ങളെക്കുറിച്ച് വാൻസിന് വ്യക്തിപരമായ ആശങ്കയുള്ളതായി മുന്പ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കരുതലോടെ പ്രതികരിച്ച് ചൈന
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ മുന്നേറ്റത്തോട് ജാഗ്രതയോടെ പ്രതികരിച്ച് ചൈന. ഇരുരാജ്യങ്ങളിലെയും പരമോന്നത നേതാക്കൾ തമ്മിൽ ഉണ്ടാക്കിയ ധാരണകൾ നിലനിർത്താനും നടപ്പാക്കാനും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് ചൈന പ്രതികരിച്ചു.
ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും, അഭിപ്രായവ്യത്യാസങ്ങൾ കൃത്യമായി പരിഹരിക്കുന്നതിനും, സഹകരണം വിപുലീകരിക്കുന്നതിനും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്ന് മാവോ പറഞ്ഞു.








0 comments