print edition എല്ലാം അമേരിക്ക പറയുംപോലെ; വ്യാപാര കരാർ ഉടൻ ഒപ്പിട്ടേക്കുമെന്ന് റൂബിയോ

റിതിൻ പൗലോസ്
Published on May 25, 2026, 01:24 AM | 1 min read
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലേക്ക് അമേരിക്കൻ കാർഷികോൽപ്പന്നങ്ങളുടെയും മറ്റും കുത്തൊഴുക്കിന് കാരണമാകുന്ന ഇന്ത്യ–യുഎസ് വ്യാപാരകരാർ ഉടൻ ഒപ്പിടും. ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തിനായി ഡൽഹിയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശമന്ത്രി എസ് ജയ്‌ശങ്കറും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സഹകരണക്കുറിച്ചുള്ള ചർച്ചകളിൽ വ്യാപാരകരാർ വിഷയമായി. ‘പരസ്‌പരം പ്രയോജനകര’മായ ഇടക്കാല വ്യാപാരകരാറിന്റെ രേഖ അന്തിമമാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്‌തു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ വിഭാവനം ചെയ്‌ത കരാറിലേക്കുള്ള വലിയ ചുവടുവയ്‌പ്പായിരിക്കുമിതെന്ന് ജയ്‌ശങ്കർ പറഞ്ഞു.
വ്യാപാരകരാർ ഉടൻ തന്നെ ഒപ്പിട്ടേക്കുമെന്നും ചർച്ചയ്‌ക്ക് യുഎസ് സംഘം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റൂബിയോ പറഞ്ഞു. ചർച്ചയിൽ മികച്ച പുരോഗതിയുണ്ട്. ഇന്ത്യയുമായി താരിഫ് വിഷയത്തിൽ പ്രശ്‌നമുണ്ടാക്കണമെന്നല്ല, ആഗോള വീക്ഷണത്തിൽനിന്ന് അമേരിക്കയുടെ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്നും റൂബിയോ അവകാശപ്പെട്ടു. അതേസമയം, ഒപ്പിടാനുള്ള സമയക്രമം ഇരുനേതാക്കളും വ്യക്തമാക്കിയിട്ടില്ല. ആണവായുധം നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് റൂബിയോ വീണ്ടും ഭീഷണിപ്പെടുത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ടല്ല വിസ നിയന്ത്രണങ്ങൾ നടപ്പാക്കിയതെന്നും ഇന്ത്യക്കാർക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങൾ ഗൗരവമായി കാണുന്നുവെന്നും റുബിയോ പറഞ്ഞു.
ലോകരാജ്യങ്ങൾക്കുമേൽ അമിത തീരുവ അടിച്ചേൽപ്പിച്ച ട്രംപിന്റെ നടപടി യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഏപ്രിലിൽ നടപ്പാക്കുമെന്ന് കരുതിയ കരാറിന്റെ ചർച്ച ഇന്ത്യ മരവിപ്പിച്ചത്. ഇന്ത്യൻ താൽപര്യങ്ങൾ ഹനിക്കുന്ന കരാർ വ്യവസ്ഥകൾ കോടതിവിധി മുൻനിർത്തി തിരുത്തിക്കാൻ കഴിയുമായിരുന്നെങ്കിലും കേന്ദ്രം വിസമ്മതിച്ചു. കാർഷികോൽപ്പന്നങ്ങൾ കരാറിന് പുറത്തായിരിക്കുമെന്ന ഉറപ്പും വിഴുങ്ങി. പൂർണമായും യുഎസിന് കീഴടങ്ങിയുള്ള കരാറാവും നടപ്പാക്കുക.










0 comments