യുഎസിൽ നിന്നുള്ള പരുത്തി ഇറക്കുമതി ക്രൂരവും കർഷകവിരുദ്ധവും


സ്വന്തം ലേഖകൻ
Published on Feb 14, 2026, 10:42 PM | 1 min read
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പരുത്തി ഇറക്കുമതി ചെയ്യുന്നത് തീർത്തും കർഷക വിരുദ്ധവും ക്രൂരവുമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ. ബംഗ്ലാദേശില്‍ നിന്നുള്ള ചിലയിനം ടെക്സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ യുഎസ് പൂർണമായും ഒഴിവാക്കിയത് പാർലമെന്റിൽ ചർച്ചയായിരുന്നു. ഇൗ വിഷയത്തിൽ സംസാരിക്കുന്പോൾ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയാലാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. യുഎസിൽ നിന്ന് പരുത്തി വാങ്ങാൻ ഇന്ത്യക്ക് സൗകര്യമുണ്ടെന്നും ഇതുപയോഗിച്ച് നിർമിക്കുന്ന ടെക്‌സ്റ്റൈൽ ഉത്‌പന്നങ്ങൾ തീരുവയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാമെന്നുമാണ് മന്ത്രിയുടെ പരാമർശം.
ഇന്ത്യ–യുഎസ് കരാറിൽ കൃഷി ഉൾപ്പെട്ടിട്ടില്ല, പ്രധാനമന്ത്രി ഒരിക്കലും രാജ്യത്തെ കർഷകരുടെ താത്‌പര്യങ്ങൾ ബലി കഴിപ്പിക്കില്ല എന്നീ വാദങ്ങൾ നുണയാണെന്ന് വാണിജ്യമന്ത്രിയുടെ പ്രസ്‌താവനയിലൂടെ തെളിയുകയാണെന്നും കിസാൻ സഭ പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിന് മുന്നിലുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ പൂർണമായ കീഴടങ്ങലാണിത്. യുഎസിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലെ പരുത്തിയുടെ ആഭ്യന്തര വില കുറയ്‌ക്കുകയും നിലവിൽ മേഖലയിലുള്ള പ്രതിസന്ധി രൂക്ഷമാക്കുകയും കർഷക ആത്മഹത്യകൾ കൂടുന്നതിന് കാരണമാവുകയും ചെയ്യും.
ഇൗ കരാറിലൂടെ ഇന്ത്യയിലെ പരുത്തി കർഷകരെ മോദി സർക്കാർ നഗ്‌നമായി വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇൗ വഞ്ചനയ്‌ക്കെതിരെ പരുത്തി കർഷകൾ പ്രതിഷേധിക്കണമെന്നും വാണിജ്യമന്ത്രി സ്ഥാനത്തുനിന്ന് പീയുഷ് ഗോയാൽ രാജിവെക്കണമെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, പ്രസിഡന്റ് അശോക് ധാവ്‌ളെ തുടങ്ങിയവർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ചയും സമാന ആവശ്യങ്ങളോടെയുള്ള പ്രസ്‌താവന പുറപ്പെടുവിച്ചു.










0 comments