ad
Deshabhimani

print edition ഇന്ത്യൻ കപ്പലുകൾക്ക്‌ നേരെ യുഎസ്‌ ആക്രമണം; ദുർബല പ്രതികരണം തുടർന്ന്‌ മോദി സർക്കാർ

us attack oman
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 12:00 AM | 2 min read

ന്യൂഡൽഹി : ഗൾഫ്‌ മേഖലയിൽ യുഎസ്‌ നടത്തിയ അക്രമത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും മൂന്ന്‌ കപ്പലുകൾ തകരുകയും ചെയ്‌തിട്ടും ദുർബല പ്രതികരണവുമായി മോദി സർക്കാർ. സൈനിക പിന്തുണയടക്കം ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടില്ല. വിവിധ കപ്പലുകളിലായി ഏതാണ്ട്‌ 18000 ഇന്ത്യൻ നാവികർ ഗൾഫ്‌ മേഖലയിലുണ്ട്‌.


ഒരാഴ്‌ചയ്‌ക്കിടെയാണ്‌ മൂന്ന്‌ കപ്പൽ ആക്രമിക്കപ്പെട്ടത്‌. പിന്നാലെ യുഎസ്‌ എംബസിയിലെ ചാർജ്‌ ഡി അഫയേഴ്‌സ്‌ ജേസൺ മീക്ക്‌സിനെ വിദേശമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അമേരിക്കൻ സൈന്യം ചരക്കുകപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടതായി വിദേശമന്ത്രാലയം അറിയിച്ചു. കപ്പലുകൾക്ക്‌ നേരെ മാരകായുധങ്ങൾ പ്രയോഗിക്കുന്നതിലുള്ള ആശങ്കയും പ്രകടമാക്കി. നേരത്തെ മൂന്ന്‌ ഇന്ത്യാക്കാർ യുഎസ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഘട്ടത്തിലും ചാർജ്‌ ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ അതിന്‌ ശേഷവും അമേരിക്ക ആക്രമണം തുടരുകയാണ്‌.


തങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കാത്തത്‌ കൊണ്ടാണ്‌ കപ്പലുകളെ ആക്രമിക്കുന്നതെന്നാണ്‌ അമേരിക്കൻ ന്യായം. ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ കടത്താൻ ശ്രമിച്ചതുകൊണ്ടാണ്‌ മൂന്ന്‌ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതെന്ന്‌ യുഎസ്‌ സേന അവകാശപ്പെടുന്നു. എന്നാൽ, കപ്പലിൽ ഇറാൻ ക്രൂഡോയിലാണെന്ന അവകാശവാദം കപ്പൽ അധികൃതർ തള്ളി.


ലജ്ജാകരം: സിപിഐ എം


ഒമാൻ തീരത്ത്‌ എണ്ണക്കപ്പലിൽ അമേരിക്കൻ ആക്രമണത്തിൽ മൂന്ന്‌ ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടും കേന്ദ്രസർക്കാർ പുലർത്തുന്നത്‌ ലജ്ജാകരമായ മ‍ൗനമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. പശ്ചിമേഷ്യയിൽ യുഎസ്‌ സാമ്രാജ്യത്വം തുടരുന്ന സൈനിക കടന്നുകയറ്റങ്ങളുടെ അനന്തരഫലമാണ്‌ നാവികരുടെ മരണം. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അമേരിക്ക ആഗോള സമാധാനത്തിനും ഭീഷണിയാവുകയാണ്‌. നിരപരാധികളുടെ ജീവനാണ്‌ അപകടത്തിലാകുന്നത്‌. ഇന്ത്യൻ നാവികരായ ആദിത്യ ശർമ, ശിവാനന്ദ്‌ ച‍ൗരസ്യ, പടനല സുരേഷ്‌ എന്നിവരാണ്‌ ജോലിയ്‌ക്കിടെ യുഎസ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. മരിച്ചവർ പശ്‌ചിമേഷ്യൻ സംഘർഷവുമായി ബന്ധമുള്ളവരല്ല. അധികാര ആധിപത്യത്തിനായുള്ള ഏറ്റുമുട്ടലിലൂടെയും സൈനിക ഇടപെടലുകളിലൂടെയും ഇരകളായി മാറിയതാണ്‌ നാവികർ. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. മൂന്ന്‌ ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായവരുടെ പേരെടുത്ത്‌ വിമർശിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ആക്രമണത്തെ അപലപിക്കാനും ഇന്ത്യൻ പ‍ൗരൻമാരുടെ മരണത്തിന്‌ ഇടയാക്കിയവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാനും സർക്കാർ തയ്യാറാകണം. സംഘർഷമേഖലകളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ ആവശ്യമായ നയതന്ത്ര നടപടികളും സർക്കാർ സ്വീകരിക്കണം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home