ഇന്ത്യ അമേരിക്കയിൽനിന്ന് എണ്ണ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസ് റൈറ്റ്
റഷ്യൻ എണ്ണ നിർത്തിയാൽ പ്രശ്നം തീരുമെന്ന് യുഎസ്

വാഷിങ്‌ടൺ
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നു യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. അമേരിക്കയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷ. റഷ്യ ഒഴികെ ഏതു രാജ്യത്തുനിന്ന് എണ്ണ വാങ്ങിയാലും വിരോധമില്ല. അമേരിക്കയ്ക്കും വിൽക്കാൻ എണ്ണയുണ്ട്. ഇന്ത്യയെ ശിക്ഷിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഇന്ത്യയുമായുള്ള വ്യാപാര–ഉൗർജ സഹകരണം മെച്ചപ്പെടുത്താനാണ് യുഎസ് ആഗ്രഹിക്കുന്നത്. ഇന്ത്യ എണ്ണ വാങ്ങുമ്പോൾ നൽകുന്ന പണം റഷ്യ യുദ്ധത്തിന് ഉപയോഗിക്കുകയാണ്. അത് അവസാനിപ്പിക്കാനാണ് ശ്രമം–ന്യൂയോർക്കിൽ വാർത്താസമ്മേളനത്തിൽ ക്രിസ് റൈറ്റ് പറഞ്ഞു.
ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ അമേരിക്ക ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉക്രയ്‌ൻ യുദ്ധത്തെ പരോക്ഷമായി സഹായിക്കുന്നവരാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎൻ പൊതുസഭയിൽ പ്രസംഗിച്ചു.
യുഎസും യുറോപ്യൻ യൂണിയൻ രാജ്യങ്ങളുമെല്ലാം റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും ചില രാജ്യങ്ങളെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും ചൈന പ്രതികരിച്ചിരുന്നു. ട്രംപ് ഒരു ബസിനസുകാരനാണെന്നും സ്വന്തം രാജ്യത്തുനിന്ന് മറ്റുള്ള രാജ്യങ്ങളെക്കൊണ്ട് എണ്ണ വാങ്ങിപ്പിക്കാനാണ് ശ്രമമെന്നും റഷ്യയും പ്രതികരിച്ചു.
യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാരചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങണമെന്ന് നിർദേശിക്കുന്ന ക്രിസ് റൈറ്റിന്റെ പ്രതികരണം പുറത്തുവരുന്നത്.
മോദി –ട്രംപ് കൂടിക്കാഴ്‌ച ഉടനെന്ന്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈകാതെ കൂടിക്കാഴ്‌ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. വ്യാപാര ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇൗ വെളിപ്പെടുത്തൽ. ഇൗ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നടക്കാമെന്നും ക്വാഡ് ഉച്ചകോടിയാകും വേദിയെന്നും സൂചനയുണ്ട്. ഇന്ത്യയാണ് ക്വാഡിന് ആതിഥേയത്വം വഹിക്കേണ്ടത്. യുഎസ് പ്രതികാരച്ചുങ്കത്തോടെ ഉച്ചകോടി അനിശ്‌ചിതത്വത്തിലായിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് നടക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിൽ ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അത് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതാണ് പ്രധാന പ്രശ്‌നം. ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടാണ് ട്രംപിനുള്ളത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അതിന് തടസ്സമാവുകയാണ്. 75–ാം ജന്മദിനത്തിൽ ട്രംപ് മോദിയെ വിളിച്ചിരുന്നു. ട്രംപിന്റെ വിശ്വസ്‌തനായ സെർജിയോ ഗോറിനെയാണ് അംബാസഡറായി ഇന്ത്യയിലേക്ക് അയക്കുന്നത്. യുഎൻ പൊതുസഭയ്‌ക്കിടെ വിദേശസെക്രട്ടറി മാർക്കോ റൂബിയോ ആദ്യം കൂടിക്കാഴ്‌ച നടത്തിയത് ഇന്ത്യയുടെ വിദേശമന്ത്രി ജയ്‌ശങ്കറുമായാണ്. വ്യാപാര ചർച്ച നല്ല നിലയിലാണ് പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.









0 comments