ad
Deshabhimani

"എന്റെ വീട്ടിൽ കയറി എന്റെ അമ്മയെ തല്ലി"; തോൾ വേദനയ്ക്ക് മസാജിനെത്തിയ യുവതി മർദിച്ചെന്ന് പരാതി | VIDEO

 Urban Company Masseuse Allegedly Assaults

Screengrab

വെബ് ഡെസ്ക്

Published on Jan 24, 2026, 12:20 PM | 1 min read

മുംബൈ: മസാജ് ചെയ്യാനെത്തിയ യുവതിയിൽനിന്നും മർദനം നേരിട്ടെന്ന് മുംബൈയിലെ വീട്ടമ്മയുടെ പരാതി. തന്നെ മർദിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തതായും പരാതിപ്പെട്ട് 46 കാരിയായ വീട്ടമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വടാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


തോളിലെ വേദനയ്ക്ക് ആശ്വാസം തേടിയാണ് വീട്ടമ്മ അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്തത്. മസാജ് ചെയ്യുന്നതിനായി വലിയ ബെഡുമായാണ് യുവതി വീട്ടിലെത്തിയത്. എന്നാൽ വലിയ ബെഡ് വീട്ടിൽ സൗകര്യപ്രദമല്ലെന്നും യുവതിയുടെ പെരുമാറ്റം ശരിയല്ലെന്നും തോന്നിയതോടെ വീട്ടമ്മ സേവനം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു.


തുടർന്ന് ആപ്പിലൂടെ റീഫണ്ട് നടപടി ആരംഭിച്ചതോടെ മസാജ് യുവതി നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു. ബുക്കിങ് റദ്ദാക്കിയതിൽ പ്രകോപിതയായ ഇവർ അസഭ്യം പറയുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്ത യുവതി അവരെ നിലത്തേക്ക് തള്ളിയിട്ടു. മർദ്ദനത്തിൽ വീട്ടമ്മയുടെ ശരീരത്തിൽ നിരവധി പോറലുകൾ ഏറ്റിട്ടുണ്ട്.





ആക്രമണം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ മകനെയും യുവതി പിടിച്ചുതള്ളി. "അവൾ ഒരു ഭ്രാന്തിയെപ്പോലെയാണ് പെരുമാറിയത്, എന്റെ വീട്ടിൽ കയറി എന്റെ അമ്മയെ തല്ലി," എന്ന് മകൻ വീഡിയോയിൽ നിലവിളിക്കുന്നത് കേൾക്കാം. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് യുവതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.


അന്വേഷണത്തിനിടെ യുവതിയുടെ ആപ്പിലെ പേരും തിരിച്ചറിയൽ രേഖകളും തമ്മിൽ സാങ്കേതികമായ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home