print edition യുപിഐ ഇടപാടിന് ഫീസ്: സ്ഥിരീകരിച്ച് ധനമന്ത്രാലയം

ന്യൂഡൽഹി : യുപിഐ പണമിടപാടുകൾക്ക് സേവനനിരക്ക് ഇൗടാക്കിത്തുടങ്ങുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. നിശ്ചിത പരിധിക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് നിരക്ക് ഇൗടാക്കുമെന്ന് ധന മന്ത്രാലയം അറിയിച്ചു. നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഇൗടാക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞതായിരിക്കും യുപിഐ സേവന നിരക്കെന്നും മന്ത്രാലയം അറിയിച്ചു.
നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിലുള്ള യുപിഐ സേവന സ്റ്റിയറിങ് കമ്മിറ്റിയാകും നിരക്ക് തീരുമാനിക്കുക. വ്യക്തികൾ തമ്മിലുള്ള ഇടപാടിന് പണം ഇൗടാക്കില്ല. യുപിഐ ഇടപാടുകളിൽ വലിയ വർധന വന്നതിനാൽ സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, പശ്ചാത്തലസൗകര്യം തുടങ്ങിയ കാര്യങ്ങൾക്കായി വലിയ നിക്ഷേപം ആവശ്യമായി വരുന്നുണ്ട്. ഇതു പരിഗണിച്ചാണ് സേവന നിരക്ക് ഏർപ്പെടുത്തുന്നത്– ധനമന്ത്രാലയം വിശദീകരിച്ചു.
യുപിഐ ഇടപാടുകളെ കൂടുതൽ സജീവമാക്കുന്നതിനും ഭാവി ആവശ്യങ്ങൾക്കായി ഒരുക്കുന്നതിനും സന്തുലിതമായ ഒരു ചട്ടക്കൂട് വേണം. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിനും മത്സരക്ഷമമാക്കുന്നതിനുമാണ് പുതിയ ഭേദഗതിയെന്നും ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പണമിടപാട് മേഖലയിലും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മേഖലയിലും ആധിപത്യമുള്ള വിദേശ കുത്തക കമ്പനികളെ സഹായിക്കുന്നതിനാണ് സർക്കാരിന്റെ പുതിയ നിയമനിർമാണമെന്ന വിമർശനം നിലനിൽക്കെയാണ് ധനമന്ത്രാലയം സേവനനിരക്കിനെ ന്യായീകരിച്ച് രംഗത്തുവന്നത്.










0 comments