യുപിയിൽ 13കാരൻ വെടിയേറ്റ് മരിച്ച നിലയിൽ; ബിജെപി നേതാവിന്റെ ബന്ധുവിനെതിരെ കേസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽ 13കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സരോജിനി നഗറിലെ ബെഹ്‌സ സ്വദേശിയായ ഉനൈസ് ഖാൻ ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. മുൻ എംഎൽസിയും ബിജെപി നേതാവുമായ അരവിന്ദ് ത്രിപാഠിയുടെ (ഗുഡ്ഡു ത്രിപാഠി) അനന്തരവൻ ഉൾപ്പെടെ നാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
റമദാൻ നോമ്പ് എടുത്തിരുന്ന ഉനൈസിനെ തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തുക്കൾ എന്ന് പരിചയപ്പെടുത്തിയ ചിലർ ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുപ്പിക്കാനായി കാറിൽ കൊണ്ടുപോവുകയായിരുന്നു. നോമ്പ് തുറന്ന ശേഷം പോകാമെന്ന് ഉനൈസ് പറഞ്ഞെങ്കിലും പ്രതികൾ നിർബന്ധിച്ച് കൊണ്ടുപോയതാണെന്ന് പിതാവ് സമീർ ഖാൻ പരാതിയിൽ പറയുന്നു. മണിക്കൂറുകൾക്ക് ശേഷം തലയ്ക്ക് വെടിയേറ്റ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികളിലൊരാളുടെ വീടിന് സമീപത്ത് വെച്ച് കാറിനുള്ളിൽ ഇരുന്നാണ് ഉനൈസിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ലോക്ബന്ധു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതോടെ പ്രതികൾ അവിടെനിന്നും കടന്നുകളഞ്ഞു. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് വിവരം അറിഞ്ഞതെന്ന് കുടുംബം പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കൊല്ലപ്പെട്ട ഉനൈസും പ്രതികളിലൊരാളും തമ്മിൽ ഒരു വർഷം മുൻപ് സ്കൂളിൽ വെച്ച് തർക്കമുണ്ടായിരുന്നതായും അതിന്റെ തുടർച്ചയായാണ് ഈ ക്രൂരത നടന്നതെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.
അതേസമയം, ജന്മദിന ആഘോഷത്തിനിടെ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ബിജെപി നേതാവിന്റെ കുടുംബത്തിന്റെ വാദം. പ്രതികളിലൊരാളുടെ ലൈസൻസുള്ള റിവോൾവർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എസിപി രജനീഷ് വർമ്മ അറിയിച്ചു.










0 comments