print edition മോദിസർക്കാരിന്റെ വിദേശനയത്തെ പുകഴ്‌ത്തി തരൂരും തിവാരിയും


സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്കൻ, ഇസ്രയേൽ വിധേയത്വം തുടരുന്ന കേന്ദ്രസർക്കാരിനെ ശക്തമായി പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. എംപിമാരായ ശശി തരൂരും മനീഷ് തിവാരിയുമാണ് മോദിസർക്കാരിന്റെ വിദേശനയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
പശ്‌ചിമേഷ്യൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിലപാട് ഉത്തരവാദിത്വമുള്ള ഭരണതന്ത്രമാണെന്നും ധാർമികമായ കീഴടങ്ങലായി ചിത്രീകരിക്കേണ്ടതില്ലെന്നും ശശി തരൂർ ദേശീയദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. ‘കേന്ദ്രസർക്കാരിന്റെ മൗനം യുദ്ധത്തെ അംഗീകരിക്കുന്ന നിലപാടിനുള്ള തെളിവല്ല. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട അവസരത്തിൽ ഇന്ത്യ ഉടനടി ഒരനുശോചനം പുറത്തിറക്കേണ്ടതായിരുന്നു. മുന്പ് അവരുടെ പ്രസിഡന്റ് ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ചപ്പോൾ നാം അനുശോചിച്ചിരുന്നു. അതുപോലെ, ഇക്കുറിയും ചെയ്യാമായിരുന്നു. അതേസമയം, ഏറ്റുമുട്ടലുകൾക്ക് പകരം മൗനം അവലംബിച്ചതിന് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനും ഞാനില്ല. തത്ത്വങ്ങളെ പ്രായോഗികതയുമായി കൂട്ടിയിണക്കിയുള്ള നിലപാടുകളാണ് നമ്മുടെ വിദേശനയം എപ്പോഴും സ്വീകരിച്ചിട്ടുള്ളത്’– തരൂർ അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന ഏറ്റവും നല്ല നിലപാടാണ് കേന്ദ്രസർക്കാർ എടുത്തിട്ടുള്ളതെന്ന് തിവാരി പുകഴ്‌ത്തി. ‘ഇത് നമ്മുടെ യുദ്ധമല്ല. അതുകൊണ്ട്, വലിയ സംഘർഷങ്ങളിലേക്ക് എടുത്തുചാടാതെ ജാഗ്രതയോടെ നിലകൊള്ളുന്നതാണ് നല്ലത്. ആ നിലപാടാണ് ഇപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ഏറ്റവും നല്ല നിലപാടാണിത്’– തിവാരി മാധ്യമസംവാദപരിപാടിയിൽ പറഞ്ഞു. വിദേശനയത്തിൽ വെള്ളംചേർത്ത് അമേരിക്കൻ താൽപര്യങ്ങൾക്ക് കീഴടങ്ങിയ മോദിസർക്കാരിന് എതിരെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി പ്രതിഷേധിക്കുന്ന അവസരത്തിലാണ് ഇരുവരുടെയും കടകവിരുദ്ധമായ നിലപാട്.










0 comments