ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നാടകാവതരണത്തിനിടെ എബിവിപി അക്രമം; എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾ
ഹൈദരാബാദ് : ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നാടകാവതരണത്തിനിടെ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം തിയേറ്റർ ആർട്സ് ഡിപ്പാർട്ട്‌മെന്റിലെ ജിബി ഹാളിൽ മഹേഷ് എൽകുഞ്ച്വാറിന്റെ 'ഹോളി' എന്ന നാടകാവതരണത്തിനിടെയാണ് സംഭവം. നാടകത്തിലെ ഡയലോഗുകൾ ഹിന്ദു വിശ്വാസങ്ങളെയും സംസ്‌കാരത്തെയും അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു എബിവിപി അക്രമം.
യൂണിയൻ പ്രസിഡന്റ് ശിവ പലേപു, എബിവിപി പ്രസിഡന്റ് ആയുഷ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിയേറ്റർ ഹാളിന്റെ ലൈറ്റുകളും ജനൽ ചില്ലുകളും അടിച്ചുതകർക്കുകയും എസ്എഫ്ഐ പ്രവർത്തകരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയുമായിരുന്നു. അക്രമത്തിൽ അഭയ്, ആദിത്, അർഷിക, ആനന്ദു, ദേവശ്രീ എന്നീ എസ്എഫ്ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവരെ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളി വിദ്യാർഥികളും ഉൾപ്പെടുന്നു.
കലാവിഷ്കാരത്തെ തടയാനും വിദ്യാർത്ഥികളെ അക്രമിക്കാനും എബിവിപി ആസൂത്രിതമായി നീക്കം നടത്തിയതാണെന്ന് എസ്എഫ്ഐ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ക്യാമ്പസിനുള്ളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയ എബിവിപി പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.










0 comments