ad
Deshabhimani

print edition കേന്ദ്ര ചെലവിൽ മൂന്നിലൊന്നും കടം ; കടബാധ്യത 
 200 ലക്ഷം കോടി

budget
avatar
എം പ്രശാന്ത്‌

Published on Feb 03, 2026, 03:30 AM | 3 min read


ന്യൂഡൽഹി

കേന്ദ്ര സർക്കാർ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയാണ്‌ ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്‌ച അവതരിപ്പിച്ച തിളക്കമറ്റ ബജറ്റിലൂടെ പുറത്തുവന്നത്‌. നികുതിവരുമാനത്തിലും നികുതിയേതര വരുമാനത്തിലുമുണ്ടായ ഇടിവ്‌ വലിയതോതിൽ പദ്ധതിചെലവുകൾ വെട്ടിച്ചുരുക്കാൻ നടപ്പുവർഷം സർക്കാരിനെ നിർബന്ധിതമാക്കി. 2026–27 ബജറ്റിലാകട്ടെ കാര്യമായ പദ്ധതികളൊന്നുമില്ല. എന്നിട്ടും ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമെന്ന ഉയർന്നനിലയിൽ തുടരുന്നു. സർക്കാരിന്റെ കടബാധ്യത 200 ലക്ഷം കോടിയിലെത്തി. 2027 മാർച്ചോടെ കടബാധ്യത 220 ലക്ഷം കോടിയാകും. കടം–ജിഡിപി അനുപാതം 56 ശതമാനമായി തുടരും. അടുത്ത സാമ്പത്തികവർഷം 17 ലക്ഷം കോടി രൂപയുടെ കടമെടുപ്പാണ്‌ ലക്ഷ്യം. സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 37 ശതമാനവും പലിശബാധ്യത തീർക്കാൻ ചെലവിടേണ്ട സ്ഥിതി.


budget


നടപ്പുവർഷം നികുതി വരുമാനത്തിൽ ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ രണ്ടുലക്ഷം കോടിയോളം രൂപയുടെ കുറവുണ്ടായി. പല പ്രധാന ക്ഷേമ–വികസന പദ്ധതികളുടെയും ബജറ്റ്‌ വിഹിതം വെട്ടിക്കുറച്ചുകൊണ്ടാണ്‌ നികുതി വരുമാനത്തിലെ ഇടിവ്‌ സൃഷ്ടിച്ച പ്രതിസന്ധിയെ സർക്കാർ മറികടന്നത്‌. വരുന്ന സാമ്പത്തികവർഷത്തിലും നികുതി വരുമാനത്തിൽ കാര്യമായ വർധനവ്‌ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ്‌ കാര്യമായ പദ്ധതി പ്രഖ്യാപനങ്ങളിലേക്ക്‌ കടക്കാതിരുന്നത്‌. കേരളത്തിന്‌ ആകെ അനുവദിച്ച കടലാമ പദ്ധതിയടക്കം ബജറ്റ്‌ പ്രസംഗത്തിലെ തിളക്കമില്ലാത്ത പല പ്രഖ്യാപനങ്ങൾക്കും തുക അനുവദിച്ചിട്ടില്ല.


budget


സർക്കാരിന്റെ മൂലധന ചെലവിൽ നടപ്പുവർഷം ഒന്നേകാൽ ലക്ഷം കോടി രൂപയുടെ വെട്ടിക്കുറവാണ്‌ വരുത്തിയത്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനങ്ങൾക്ക്‌ കൈമാറേണ്ട തുകയിൽ 1.2 ലക്ഷം കോടിയോളം രൂപയുടെ വെട്ടിക്കുറവും വരുത്തി. സാമൂഹ്യക്ഷേമം, നഗര–ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വാണിജ്യം–വ്യവസായം, ഐടി– ഐടി അനുബന്ധം, ശാസ്‌ത്രവകുപ്പുകൾ എന്നീ മേഖലകൾക്കെല്ലാമുള്ള വിഹിതത്തിലും നടപ്പുവർഷം വലിയ വെട്ടൽ നടത്തി.


budget


സ്‌ത്രീകളെ പരിഗണിക്കാത്ത ബജറ്റ്: മഹിളാ അസോസിയേഷൻ

രാജ്യത്തെ സ്‌ത്രീകളെ പരിഗണിക്കാത്ത ബജറ്റാണ്‌ ബിജെപി സർക്കാർ അവതരിപ്പിച്ചതെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. കഴിഞ്ഞ വർഷം വനിതാ– ശിശുക്ഷേമ മന്ത്രാലയത്തിനായി ആകെ ബജറ്റ്‌ വിഹിതത്തിന്റെ 0.53 ശതമാനമാണ്‌ നീക്കിവച്ചത്‌. എന്നാൽ ഇത്തവണ അത്‌ 0.05 ശതമാനമാക്കി.


സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ‘ഷീ മാർട്ട്‌’ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സർവേയിൽ ചെറുകിട സംരംഭകരായ വനിതകൾ നേരിടുന്ന കടബാധ്യതയെക്കുറിച്ച്‌ വ്യക്തമായതാണ്‌. അതുകൊണ്ടുതന്നെ ഇ‍ൗ പദ്ധതി വനിതകളുടെ കടബാധ്യത ഉയർത്തുമോ എന്ന ആശങ്ക നിലവിലുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ കൊണ്ടുവന്ന വിബിജിആർഎഎംജി പദ്ധതിക്ക്‌ 95692.31 കോടിയാണ്‌ അനുവദിച്ചത്‌. മുൻ ബജറ്റിനെ അപേക്ഷിച്ച്‌ തുകയിൽ നേരിയ വർധനയുണ്ടെങ്കിലും വിലക്കയറ്റം, പണപ്പെരുപ്പം എന്നിവ പരിഗണിക്കുന്പോൾ പ്രസക്തമായ വ്യത്യാസമില്ല. ഇ‍ൗ സ്‌ത്രീവിരുദ്ധ ബജറ്റിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യത്തെ മുഴുവൻ വനിതകളും അണിനിരക്കണമെന്ന്‌ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി‍, ജനറൽ സെക്രട്ടറി കനിനിക ഘോഷ്‌ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



ദിശയില്ല: 
ഡിവൈഎഫ്‌ഐ

ദിശയില്ലാത്ത, യുവജന വിരുദ്ധ ബജറ്റാണ്‌ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന്‌ ഡിവൈഎഫ്‌ഐ. സാന്പത്തിക പ്രതിസന്ധി നേരിടുന്നതിന്‌ പകരം കോർപറേറ്റുകളെ സംരക്ഷിക്കാനും പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെയും കർഷകരുടെയും തൊഴിൽരഹിതരായ ചെറപ്പക്കാരുടെയും തലയിലിടുകയാണ്‌.


തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരിടപെടലും ബജറ്റിലില്ല. ധനമന്ത്രിയുടെ ‘യുവശക്തി’ പദ്ധതി പോലുള്ള വാചാടോപങ്ങളല്ല ആവശ്യം. യുവാക്കൾക്ക്‌ വേണ്ടത്‌ അന്തസ്സുള്ള ജോലിയാണ്‌. ഗിഗ്‌ തൊഴിലാളികൾക്കായും ബജറ്റിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഏറെ കൊട്ടിഘോഷിക്കുന്ന ‘ഓറഞ്ച്‌ ഇക്കോണമി’ സ്ഥിരതയുള്ള തൊഴിലിന്‌ പകരമാവില്ല. പരിഹാരങ്ങൾക്ക്‌ പകരം മുദ്രാവാക്യങ്ങൾ, സംരക്ഷണത്തിന്‌ പകരം അനിശ്ചിതത്വം, തൊഴിലിന്‌ പകരം കോർപറേറ്റുകൾക്കുള്ള ഇളവ്‌ എന്നിവയാണ്‌ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നതെന്നും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.


വിദ്യാർഥിവിരുദ്ധം: എസ്‌എഫ്‌ഐ

കോർപറേറ്റ്‌ അനുകൂല– വിദ്യാർഥിവിരുദ്ധ നയങ്ങളടങ്ങുന്ന കേന്ദ്ര ബജറ്റ്‌ തള്ളിക്കളയുന്നുവെന്ന്‌ എസ്‌എഫ്‌ഐ. വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്‌ തുകയിൽ നാമമാത്ര വർധനയാണുണ്ടായത്‌. ജിഡിപി കുതിക്കുകയാണെന്ന്‌ കേന്ദ്രം അവകാശപ്പെടുന്പോഴും അതിന്‌ അനുസൃതമായ തുക വിദ്യാഭ്യാസത്തിന്‌ അനുവദിക്കുന്നില്ല. സംസ്ഥാന ബജറ്റുകളും മറ്റ്‌ സർക്കാർ ഫണ്ടുകളുമുൾപ്പെടെ വിദ്യാഭ്യാസ ചെലവ്‌ ജിഡിപിയുടെ 3–4 ശതമാനം മാത്രമാണ്‌. ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നതും ദീർഘനാളായുള്ള ആവശ്യവും തുക ആറ്‌ ശതമാനമെങ്കിലും വേണമെന്നതാണ്‌. കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തിനായി ചെലവിടുന്നത്‌ ജിഡിപിയുടെ 0.3 ശതമാനം മാത്രം.


അധ്യാപകരുടെ ഒഴിവ്‌ നികത്തൽ, വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്നതിൽ ബജറ്റ്‌ പരാജയപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ദേശീയ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായ നിർദേശങ്ങൾക്കാണ്‌ ഉ‍ൗന്നൽ. കേന്ദ്ര സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


പദ്ധതിത്തൊഴിലാളികളെ 
അവഗണിച്ചു

വിവിധ പദ്ധതിത്തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും കടന്നുപോകുന്ന ദുരവസ്ഥയെക്കുറിച്ചും അപകടകരമായ മ‍ൗനം പാലിക്കുന്നതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ്‌ അംഗൻവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപേഴ്‌സ്‌ (എഐഎഫ്‌എഡബ്ല്യുഎച്ച്‌) ചൂണ്ടിക്കാട്ടി. ഐസിഡിഎസ്‌, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി‍‍‍, ദേശീയ ആരോഗ്യ മിഷൻ എന്നിവയ്‌ക്കുള്ള വിഹിതത്തിൽ വർധനയില്ല.


സാധാരണക്കാർക്ക്‌ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സേവനങ്ങൾ നൽകുന്ന അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വേതനത്തിൽ 2018 മുതൽ വർധനവില്ല. അങ്കണവാടി പദ്ധതി 2025ൽ 50 വർഷം പൂർത്തീകരിച്ചു. എന്നാൽ രാജ്യത്തെ 3.38 ലക്ഷം അങ്കണവാടികളിൽ കുടിവെള്ളവും 4.61 ലക്ഷം അങ്കണവാടികളിൽ ശുചിമുറിയുമില്ല. മറ്റ്‌ പദ്ധതി തൊഴിലാളികളേൊടൊപ്പം അങ്കണവാടി വർക്കർമാരും ചേർന്ന്‌ ജനവിരുദ്ധ ബജറ്റ്‌ കത്തിച്ച്‌ പ്രതിഷേധിക്കും. ഫെബ്രുവരി 12ന്‌ നടക്കുന്ന പൊതുപണിമുടക്ക്‌ വിജയിപ്പിക്കാൻ മുഴുവൻ പദ്ധതിത്തൊഴിലാളികളോടും അഭ്യർഥിക്കുന്നെന്ന്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home