Deshabhimani

പിജി ആയുഷ് പ്രവേശനത്തിലെ അനിശ്ചിതത്വം; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്

john brittas
വെബ് ഡെസ്ക്

Published on Nov 20, 2026, 12:11 PM | 1 min read

ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തെ പിജി ആയുർവേദ പ്രവേശന നടപടികളിലെ അനിശ്ചിതത്വം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ആയിരക്കണക്കിന് യോ​ഗ്യരായ വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടരുതെന്ന് ജോൺ ബ്രിട്ടാസ് കത്തിൽ പറഞ്ഞു.


ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി നവംബർ 6 ന് പിജി ആയുർവേദ ഒന്നാം റൗണ്ട് ഫലം തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നവംബർ 16 ന് രണ്ടാം റൗണ്ട് കൗൺസിലിംഗും മരവിപ്പിച്ചു. എന്നാൽ ഇതിന് കൃത്യമായ വിശദീകരണമോ, നടപടികൾ എപ്പോൾ പുനരാരംഭിക്കുമെന്ന വ്യക്തമായ സമയക്രമമോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി.


നവംബർ 5 ന് ഒന്നാം റൗണ്ട് അന്തിമ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കുകയും, നവംബർ 6 മുതൽ വിദ്യാർഥികൾക്ക് കോളേജുകളിൽ ഹാജരായി പ്രവേശനം നേടാൻ നിർദ്ദേശം നൽകുകയും ചെയ്ത ശേഷമാണ് ഫലം തടഞ്ഞുവെച്ചത്. ഏതെങ്കിലും വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്നും അത്തരം പ്രവേശനങ്ങളുടെ നിലവിലെ സ്ഥിതിയും സാധുതയും എന്താണെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അഖിലേന്ത്യാ തലത്തിലുള്ള ഈ പ്രതിസന്ധി സംസ്ഥാന തലത്തിലെ പ്രവേശന നടപടികളെയും സാരമായി ബാധിച്ചിട്ടുണ്ട്. അഖിലേന്ത്യാ അലോട്ട്മെന്റ് തടഞ്ഞുവെച്ചത് ചൂണ്ടിക്കാട്ടി കേരള പ്രവേശന പരീക്ഷാ കമീഷണർ സംസ്ഥാന പിജി ആയുർവേദ അലോട്ട്മെന്റ് മാറ്റിവെച്ചിരിക്കുകയാണ്. പരീക്ഷയും കൗൺസിലിംഗ് നടപടികളും കൃത്യമായി പൂർത്തിയാക്കിയ ആയിരക്കണക്കിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ സാഹചര്യം കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home