ad
Deshabhimani

ഗുജറാത്തിൽ തൊഴിലുറപ്പ് വേതനം മുടങ്ങിയിട്ട് ആറുമാസം; പട്ടിണിയിലായി തൊഴിലാളികൾ, സമരത്തിനൊരുങ്ങി യൂണിയനുകൾ

Gujarat.jpg
വെബ് ഡെസ്ക്

Published on Apr 16, 2026, 11:13 AM | 1 min read

അഹമ്മദാബാദ്: മോദി മോഡൽ വികസനം കൊട്ടിഘോഷിക്കുന്ന ഗുജറാത്തിൽ പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ പട്ടിണിയിൽ. സംസ്ഥാനത്തെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് കഴിഞ്ഞ അഞ്ചു മുതൽ ആറു മാസമായി വേതനം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.


കുടിശ്ശിക ഉടൻ തീർപ്പാക്കിയില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകി. ഗിർ സോമനാഥ് ജില്ലയിലെ ഉന, ഗിർഗധ തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി അതീവ രൂക്ഷമായിരിക്കുന്നത്.


ഇവിടെ മാസങ്ങളായി തൊഴിലാളികൾക്ക് ചൈപ്പൈസ പോലും ലഭിച്ചിട്ടില്ല. തുടക്കത്തിൽ വേതനം നൽകുന്നതിൽ കാലതാമസം വരുത്തിയ സർക്കാർ പിന്നീട് പൂർണ്ണമായും വിതരണം നിർത്തിവെക്കുകയായിരുന്നു. ഗുജറാത്ത് എംജിഎൻആർഇജിഎ തൊഴിലാളി യൂണിയൻ പ്രസിഡന്റ് രാകേഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.


തുടർച്ചയായി ജോലി ചെയ്തിട്ടും ഗുജറാത്തിലുടനീളമുള്ള തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ഇത് കേവലം സാങ്കേതികമായ കാലതാമസമല്ല, മറിച്ച് ഫണ്ട് വിനിയോഗത്തിലും ഭരണകാര്യങ്ങളിലും ഗുജറാത്ത് സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.


വേതനം മുടങ്ങിയതോടെ ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. നിത്യച്ചെലവിനും മരുന്നിനും ഭക്ഷണത്തിനുമായി തൊഴിലാളികൾ വൻതോതിൽ കടം വാങ്ങേണ്ടി വരുന്നു.


അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ തൊഴിലാളികൾ വലയുന്ന സാഹചര്യത്തിലും അധികൃതർ നിസ്സംഗത തുടരുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കുടിശ്ശിക ഉടൻ നൽകാത്ത പക്ഷം ഗുജറാത്തിലെ തെരുവുകൾ സമരഭൂമിയാക്കാനാണ് യൂണിയനുകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home