ad
Deshabhimani

print edition പുതുച്ചേരിയിൽ കോൺഗ്രസിന്‌
കനത്ത തിരിച്ചടി

puducherry
avatar
പി ദിനേശൻ

Published on May 07, 2026, 12:41 AM | 1 min read

പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റത്‌ കനത്ത തിരിച്ചടി. സിറ്റിങ് സീറ്റുകൾ രണ്ടും നഷ്‌ടപ്പെടുകയും മുഖ്യമന്ത്രി സ്ഥാനാർഥി വി വൈദ്യലിംഗം എംപി നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയും ചെയ്‌തു.


അഖിലേന്ത്യാ എൻആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എൻ രംഗസ്വാമിക്കെതിരെ തട്ടാൻചാവടി മണ്ഡലത്തിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി വൈദ്യലിംഗത്തിന്‌ ലഭിച്ചത് 2,990 വോട്ട് മാത്രം. സിറ്റിങ് സീറ്റുകളായ മാഹിയും ലാസ്‌പേട്ടും കൈവിട്ടപ്പോൾ ഒസുഡു മണ്ഡലത്തിൽ മാത്രമാണ്‌ കോൺഗ്രസിന് ആശ്വാസ ജയം. മാഹിയിൽ സിപിഐ എം സ്വതന്ത്രൻ അഡ്വ. ടി അശോക്‌കുമാര്‍ അട്ടിമറി ജയംനേടി.


ഡിഎംകെയുമായി സ‍ൗഹൃദമത്സരത്തിനിറങ്ങിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിന്‌ തിരിച്ചടിയേറ്റു. ഡിഎംകെ ജയിച്ച കാലാപ്പേട്ട്‌ മണ്ഡലത്തിൽ നാലാം സ്ഥാനത്തായ മുൻ മന്ത്രി കോൺഗ്രസിലെ എംഒഎച്ച്‌എഫ്‌ ഷാജഹാന്‌ 1,990 വോട്ടാണ്‌ ലഭിച്ചത്‌. ഡിഎംകെ ജയിച്ച രാജ്‌ഭവൻ മണ്ഡലത്തിലും കോൺഗ്രസ്‌ നാലാംസ്ഥാനത്താണ്‌. ആകെ ലഭിച്ചത്‌ 1,538 വോട്ട്‌. കോൺഗ്രസ്‌ മത്സരിച്ച കാരയ്‌ക്കൽ സ‍ൗത്തിലും ഡിഎംകെയ്‌ക്കാണ്‌ വിജയം.


ബിജെപിയിൽനിന്ന്‌ രാജിവച്ച മുൻ മന്ത്രി സായി ജെ ശരവണകുമാർ ടിവികെ ടിക്കറ്റിൽ തിരുഭുവനൈ മണ്ഡലത്തിൽ വിജയിച്ചു. എൻ ആർ കോൺഗ്രസിനെ 701 വോട്ടിനാണ്‌ തോൽപ്പിച്ചത്‌. ഡിഎംകെയും കോൺഗ്രസും ഏറ്റുമുട്ടിയ മണ്ഡലങ്ങളിലൊന്നാണിത്‌. മനവേലിൽ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയോട്‌ പുതുച്ചേരി നിയമസഭാ സ്‌പീക്കർ ഏന്പലം സെൽവം പരാജയപ്പെട്ടു. മംഗളം (1,414 വോട്ട്‌), ഒഴുകരൈ (3,709), നെടുങ്ങാട്‌ (1,354 വോട്ട്‌), തിരുഭുവനൈ (3,561) മണ്ഡലങ്ങളിൽ കോൺഗ്രസ്‌ നാലാമതും ഇന്ദിരനഗറിലും മനവേലിയിലും മൂന്നാമതുമാണ്‌.

ബിജെപിക്കും തെരഞ്ഞെടുപ്പ്‌ ഫലം തിരിച്ചടിയാണ്‌. ആറിൽനിന്ന്‌ നാലിലേക്ക്‌ അംഗബലം ചുരുങ്ങി. പ്രധാനമന്ത്രിയടക്കം പ്രചാരണത്തിനെത്തിയിട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. എൻആർ കോൺഗ്രസിന്‌ രണ്ട്‌ സീറ്റ്‌ വർധിച്ച്‌ 12 അംഗങ്ങളായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home