ദളിതനായതിനുള്ള ശിക്ഷ; സർക്കാർ ബംഗ്ലാവിൽ നിന്ന് കോൺഗ്രസ് നേതാവിനെയും കുടുംബത്തെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജിന്റെ കുടുംബത്തെ ന്യൂഡൽഹിയിലെ സർക്കാർ ബംഗ്ലാവിൽ നിന്ന് അധികൃതർ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു.
വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നടപടിയുണ്ടായത്.
ദളിത് വിഭാഗത്തിൽപ്പെട്ട തന്നെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രതികാര നടപടിയും ജാതീയ വിവേചനവുമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഉദിത് രാജ് ആരോപിച്ചു. പാണ്ഡാര പാർക്കിലെ സി-1/38 എന്ന ബംഗ്ലാവ് അനുവദിച്ചിരുന്നത് ഉദിത് രാജിന്റെ ഭാര്യയും വിരമിച്ച ഇന്ത്യൻ റെവന്യൂ സർവ്വീസ് ഓഫീസറുമായ സീമ രാജിനായിരുന്നു.
ഒക്ടോബർ 28-ന് ഡൽഹി പട്യാല ഹൗസ് കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കൽ നടപടി നടത്തിയത്. ബംഗ്ലാവിൽ നിന്ന് സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉദിത് രാജ് തന്റെ എക്സ് പേജിലൂടെ പങ്കുവച്ചു.
കോടതി അവധിയുള്ള സമയത്ത് ഒഴിപ്പിക്കൽ നടത്തിയത് നിയമപരമായ സംരക്ഷണം തേടുന്നതിൽ നിന്ന് തടസ്സപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു.ആറ് മാസത്തേക്ക് താമസിക്കാൻ അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞതിനാൽ കുറഞ്ഞ ദിവസത്തേക്ക് കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അതിന് മറുപടി നൽകുന്നതിന് പകരം ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വീടിനുള്ളിൽ കടക്കുകയായിരുന്നു. ഉന്നത ജാതിയിൽപ്പെട്ട പലരും അനർഹമായി സർക്കാർ ബംഗ്ലാവുകളിൽ താമസിക്കുമ്പോൾ, തനിക്കെതിരെ മാത്രം ഇത്ര കടുത്ത നടപടി സ്വീകരിച്ചത് ഇരട്ട നീതിയുടെയും ജാതീയ വിവേചനത്തിന്റെയും തെളിവാണെന്ന് ഉദിത് രാജ് ആരോപിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments