മണ്ഡല പുനർനിർണയ ബിൽ: തനിക്കും ഓഫറുകൾ ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ

മുംബെെ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ തനിക്കും ഓഫറുകൾ ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. എന്നാൽ മഹാരാഷ്ട്രയുടെ താൽപ്പര്യങ്ങൾക്കാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാറും മഹാരാഷ്ട്രയുടെ താൽപ്പര്യങ്ങൾ പരിഗണിക്കണമെന്നും ഉദ്ധവ് അഭ്യർഥിച്ചു.
തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വഞ്ചിക്കപ്പെട്ടതായി തോന്നുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിൽ ആരൊക്കെ തുടരണമെന്ന് സഖ്യകക്ഷികൾ ചേർന്ന് തീരുമാനിക്കുമെന്നും രണ്ടു പക്ഷത്തും ഒരേസമയം നിൽക്കാനാകില്ലെന്നും താക്കറെ വ്യക്തമാക്കി.ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു .
അതിനിടെ, മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയുടെ നിലപാട് മാറ്റാനുള്ള ശ്രമങ്ങളുമായി ഇന്ത്യാ സഖ്യ നേതാക്കൾ ചെന്നൈയിലെത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ എം.കെ. സ്റ്റാലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ഡിഎംകെ നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ വസതിയിലും യോഗം ചേർന്നിരുന്നു.








0 comments