ഉധംപൂർ അപകടം: മരണസംഖ്യ 21 ആയി, നിരവധി പേർ ചികിത്സയിൽ

ഉധംപൂർ ജില്ലയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ രാംനഗർ പ്രദേശത്തായിരുന്നു അപകടം. 29 പേർക്ക് പരിക്കേറ്റു. രാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
കുത്തനെയുള്ള വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് 100 മീറ്റർ താഴ്ചയുള്ള കുന്നിൻ ചരിവിലൂടെ താഴത്തെ റോഡിലേക്ക് മറിയുകയായിരുന്നു. താഴെ റോഡിലുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ബസ് നിന്നത്. ബസിൽ 50 യാത്രക്കാരുണ്ടായിരുന്നു.
യാത്രക്കാരിൽ ഭൂരിഭാഗവും ദൈനംദിന ജോലികൾക്കായി പോകുന്ന സാധാരണക്കാരായിരുന്നു. സംഭവസ്ഥലത്ത് 15 പേരും ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
അപകടം നടന്ന സമയത്ത് ആ വഴി കടന്നുപോയ സൈനിക വ്യൂഹമാണ് ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചത്. സൈന്യം, പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രദേശവാസികൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് പ്രദേശത്ത് നിന്ന് ബസ് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് (ഹെലികോപ്റ്റർ മാർഗ്ഗം) ചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിർദ്ദേശം നൽകി.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.










0 comments