ad
Deshabhimani

വിനായക ചതുർഥി ആഘോഷത്തിനിടെ അപകടം; ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു

drowned
വെബ് ഡെസ്ക്

Published on Sep 17, 2026, 09:08 AM | 1 min read

ഹൈദരാബാദ്: ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഹൈ​ദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ പടഞ്ചേരുവിലെ നേരെടു ചെറുവു കുളത്തിലാണ് അപകടം നടന്നത്. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് അപകടമുണ്ടായത്. 'ശിരീഷ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന അനാഥാലയത്തിലെ അന്തേവാസികളായ 20 വയസ്സിൽ താഴെയുള്ള ആറ് വിദ്യാർഥികളാണ് മരിച്ചത്.


വെള്ളത്തിൽ അപകടത്തിൽപ്പെട്ട സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആറുപേരും മുങ്ങിമരിച്ചത്. നാട്ടുകാർ ഇവരെ ഉടൻ തന്നെ പടഞ്ചേരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തിന്റെ അടിത്തട്ടിലെ ആഴമേറിയ കുഴികളാകാം ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


സിദ്ധാർത്ഥ് (10-ാം ക്ലാസ്), നരസിംഹ രാജു (ബി ടെക് രണ്ടാം വർഷം), സുമന്ത് റെഡ്ഡി (പോളിടെക്നിക് രണ്ടാം വർഷം), ഗണേഷ് (പോളിടെക്നിക് രണ്ടാം വർഷം), ഉദയ് കിരൺ (പോളിടെക്നിക് മൂന്നാം വർഷം), ഷാം കുമാർ (പോളിടെക്നിക് ഒന്നാം വർഷം) എന്നിവരാണ് മരിച്ചത്. മരിച്ചവർ വറംഗൽ, കുക്കട്പള്ളി, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.


ഗണേശ വി​ഗ്രഹം ഒഴുക്കുന്നതിനായി അധികൃതർ അനുവദിച്ച ഔദ്യോഗിക കേന്ദ്രമായിരുന്നില്ല ഇത്. അതിനാൽ അവിടെ ലൈഫ് ഗാർഡുകളോ നീന്തൽ വിദഗ്ധരോ ഉണ്ടായിരുന്നില്ല. നിമജ്ജനത്തിനിടെ കാലിടറി വെള്ളത്തിൽ വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പോലീസ് നടപടി: ബിഎൻഎസ്എസ് സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു.


സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. ആരോഗ്യ മന്ത്രി ദാമോദര രാജനരസിംഹയും വനിതാ ശിശുക്ഷേമ മന്ത്രി സീതക്കയും സംഗറെഡ്ഡി കളക്ടറുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ആശ്വാസ നടപടികൾ ഉറപ്പാക്കുകയും ചെയ്തു.







Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home