റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് അതിക്രമം: ന്യായീകരിച്ച് ആഭ്യന്തരമന്ത്രി

റിപ്പോർട്ടർ ചാനലിൽ റെയ്ഡിനെത്തിയ പൊലീസുകാർ വന്ന ഇടിവണ്ടി (ഇടത്), രമേശ് ചെന്നിത്തല (വലത്)
ഗുരുവായൂർ: റിപ്പോർട്ടർ ചാനലിന്റെ കളമശേരിയിലെ ന്യൂസ് ഡെസ്‌കിൽ പൊലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നടപടി നിയമപരമായിരുന്നുവെന്നും മാധ്യമസ്വാതന്ത്ര്യത്തെ തടഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് ഒരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണത്തിൽ താൻ ഇടപെടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചാനലിലെ മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുവെച്ചതിനെയും വാർത്താ സംപ്രേക്ഷണം തടഞ്ഞതിനെയും സംബന്ധിച്ച ചോദ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി.
അർജന്റീന ഫുട്‌ബോൾ ടീമിന്റെ സന്ദര്‍ശനം സംബന്ധിച്ച അന്വേഷണമാണ് നടന്നത്. പിടിച്ചുവെച്ച ഫോണുകൾ തിരിച്ചുകൊടുത്തു. ആരെയും പൊലീസ് ആക്രമിച്ചില്ല. അടിയന്തരാവസ്ഥ ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ രേഖകൾ പരിശോധിക്കേണ്ടിവരും. അതിൽ എന്താണ് തെറ്റെന്നും ആഭ്യന്തരമന്ത്രി ചോദിച്ചു.
ബുധൻ അതിരാവിലെയാണ് ചാനൽ ഓഫീസിൽ പൊലീസ് തേർവാഴ്ച അരങ്ങേറിയത്. ന്യൂസ് ഡെസ്‌കിൽ ലത്തികളുമായി അതിക്രമിച്ചുകയറിയ പൊലീസ് സംഘം മണിക്കൂറുകളോളം വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തി. വനിതാ മാധ്യമപ്രവർത്തകരെയടക്കം ഭീഷണിപ്പെടുത്തി. ന്യൂസ് ഡെസ്‌കിലെ എല്ലാവരുടെയും ഫോൺ പിടിച്ചുവാങ്ങി. വാർത്താ സംപ്രേഷണത്തിന് ഫോൺ ആവശ്യമാണെന്ന് പറഞ്ഞിട്ടും നൽകാൻ തയ്യാറായില്ല. ഇതോടെ സംപ്രേഷണം തടസ്സപ്പെട്ടു. ന്യൂസ്, ഡിജിറ്റൽ ഡെസ്‌കുകളിലുണ്ടായിരുന്നവരെ ജോലി തടഞ്ഞ് ഇറക്കിവിട്ടു. മാധ്യമപ്രവർത്തകരുടെ ഡയറികളും മേശവലിപ്പുകളും ഫയലുകളും പരിശോധിച്ചു. എഡിറ്ററുടെ കസേരയിൽ കയറിയിരുന്നാണ് എസിപി ബിജോയ് ചന്ദ്രൻ പരിശോധനയ്‌ക്ക് നിർദേശം നൽകിയത്. പരിശോധനയ്‌ക്ക് അഡ്‌മിനിസ്‌ട്രേഷൻ, എച്ച്‌ആർ വിഭാഗങ്ങളുടെ മുറി തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
എഫ്‌ഐആർ ആവശ്യപ്പെട്ട് നാലുമണിക്കൂറിനുശേഷമാണ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌തത്. അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരിയുടെ വീട്ടിലും പൊലീസ് അതിക്രമമുണ്ടായി. ഇവരുടെ അമ്മയിൽനിന്ന് ഫോൺ തട്ടിപ്പറിച്ചു. പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർന്നു.









0 comments