മഥുരയിൽ ഏറ്റുമുട്ടൽ: ബവാറിയ സംഘത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
മഥുര: യുപിയിലെ മഥുരയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ബവാറിയ സംഘത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു. രാജസ്ഥാൻ സ്വദേശികളും ബവാറിയ സംഘത്തിലെ സജീവ അംഗങ്ങളുമായ പപ്പു എന്ന രാജേന്ദ്ര, ധർമ്മവീർ എന്ന ലംബു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഏപ്രിൽ 23ന് രാത്രിയിൽ തൈന്തി ഗ്രാമത്തിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് പ്രതികളെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 6, 7 നടത്തിയ പരിശോധനയിൽ പ്രതികളെ കണ്ടെത്തി. പൊലീസിന് നേരെ പ്രതികൾ വെടിയുതിർത്തു. തുടർന്ന് പൊലീസ് തിരിച്ചും വെടിയുതിർത്തു.
പരിക്കേറ്റവരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് അവരുടെ നില ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ച് പ്രതികളുടെ മരണം സ്ഥിരീകരിച്ചു.
പ്രതികളിൽ ഒരാൾക്കെതിരെ 16 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റൊരാൾക്കെതിരെ 11 കേസുകൾ നിലവിലുണ്ടെന്നും എസ്പി ശ്ലോക് കുമാർ പറഞ്ഞു. വ്യത്യസ്ത ഐഡന്റിറ്റികൾ ഉപയോഗിച്ച് ഇരുവരും പല സ്ഥലങ്ങളിലും പ്രവർത്തിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രതികളെയും പിടികൂടുന്നവർക്ക് 50,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികൾ വിവിധ സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ നിരവധി വീഡിയോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.









0 comments