കൊണാട്ട് പ്ലേസിലെ പ്രതിഷേധം; 22 എസ്എഫ്ഐ വനിതാ പ്രവർത്തകർ കസ്റ്റഡിയിൽ; നിയമവിരുദ്ധമായി തടങ്കലിലാക്കി മർദിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച 22 എസ്എഫ്ഐ വനിതാ പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച തിരംഗാ മാർച്ചിനിടെയാണ് സംഭവം.
സമാധാനപരമായി പ്രതിഷേധിച്ചവർക്കുനേരെയുള്ള പൊലീസ് അതിക്രമത്തിലും വനിതകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരായ ആക്രമണത്തിലും പ്രതിഷേധിച്ചാണ് ദേശീയപതാകയേന്തി എസ്എഫ്ഐ റാലി നടത്തിയത്. ഐഷി ഘോഷിന്റെ നേതൃത്വത്തിൽ നടത്തിയ റാലിക്കിടെ പൊലീസ് വനിതാ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രവർത്തകരുമായി പോകാൻ തുടങ്ങിയ ബസ് മറ്റുള്ളവർ തടയുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്കും വനിതാ മാധ്യമപ്രവർത്തകർക്കുമെതിരെ ആർഎസ്എസ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെയും സമാധാനപരമായ പ്രതിഷേധങ്ങളെ പൊലീസ് അടിച്ചമർത്തുന്നതിനെതിരെയുമാണ് കൊണാട്ട് പ്ലേസിൽ റാലി സംഘടിപ്പിച്ചത്.
സൂര്യാസ്തമയത്തിനുശേഷമാണ് വനിതാ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും നടപടി നിയമവിരുദ്ധമാണെന്നും എസ്എഫ്ഐ വ്യക്തമാക്കുന്നു. ബിഎൻഎസ്എസ് സെക്ഷൻ 43(5) പ്രകാരം അസാധാരണ സാഹചര്യങ്ങളിലല്ലാതെ സൂര്യാസ്തമയത്തിനുശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്.
വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. വനിതകളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ സുരക്ഷാനടപടികൾ ലംഘിക്കപ്പെട്ടതായും എസ്എഫ്ഐ വ്യക്തമാക്കി.
പ്രവർത്തകരെ കൊണ്ടുപോയ പൊലീസ് ബസിൽ വെളിച്ചമുണ്ടായിരുന്നില്ലെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. സ്ത്രീകളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങളും ലംഘിച്ചായിരുന്നു പൊലീസിന്റെ നടപടി.








0 comments