ഡിഎംകെയെ ജനം വീട്ടിലിരുത്തുമെന്ന് വിജയ്; എസി മുറിയിലിരുന്ന് രാഷ്ട്രീയം കളിക്കാൻ എളുപ്പമെന്ന് ഡിഎംകെ: തുറന്ന പോര്

ചെന്നൈ: തമിഴ്‌നാട്ടിലെ മഴക്കെടുതി വിഷയത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യും ഭരണകക്ഷിയായ ഡിഎംകെയും തുറന്ന പോരിൽ. കർഷകരുടെ ദുരിതത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് വിജയ് ആരോപിച്ചു. കർഷകരെ സംബന്ധിക്കുന്ന ആറ് ചോദ്യങ്ങൾ ഉന്നയിച്ചാണ് വിജയ് വിഷയത്തിൽ പ്രതികരിച്ചത്.
വിളകൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന ഭരണകൂടം സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വിജയ് കുറ്റപ്പെടുത്തി. എന്നാൽ ഇതിനുള്ള മറുപടിയായി എസി മുറിയിലിരുന്ന് പ്രസ്താവനയിറക്കി രാഷ്ട്രീയം കളിക്കാൻ എളുപ്പമാണെന്ന് ഡിഎംകെ വക്താവ് സരവണൻ പ്രതികരിച്ചു.
കർഷകർക്കൊപ്പം സർക്കാർ എപ്പോഴും നിലകൊള്ളുന്നുണ്ടെന്നും, 10.40 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായും ഡിഎംകെ ഈ വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ വിജയ് ഇന്ന് സന്ദർശിച്ചിരുന്നു. കരൂർ നിന്ന് 400 ഓളം കിലോമീറ്റർ ദൂരെയുള്ള മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിൽ കൊണ്ടുവന്നാണ് ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രായമായവരെയും പരിക്കേറ്റവരെയും ഇത്രയധികം ദൂരം സഞ്ചരിപ്പിച്ച് കൂടിക്കാഴ്ച നടത്തിയതിൽ വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്തുകൊണ്ടാണ് കരൂരിൽ ചെന്ന് ഇവരെ കാണാത്തതെന്നും ഡിഎംകെ ചോദിച്ചിരുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ കൃഷി വിഷയത്തിലെ പരാമർശം.










0 comments