ഡൽഹി തുർക്ക്‌മാൻഗേറ്റിലെ ബുൾഡോസർരാജിനെ സ്വാഗതം ചെയ്ത് സന്ദീപ് ദീക്ഷിത്

ന്യൂഡൽഹി: ഡൽഹിയിലെ തുർക്ക്‌മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖല ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ മുൻസിപ്പൽ കോർപറേഷൻ നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ്. അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് സന്ദീപ് ദീക്ഷിത് പറഞ്ഞത്. കോർപ്പറേഷൻ്റെയോ കോടതിയുടെയോ ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അക്രമം നടത്തുന്നത് ശരിയല്ലെന്നും മുൻ ഡിൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ കൂടിയായ സന്ദീപ് ദീക്ഷിത് പറഞ്ഞു.
രാംലീല മൈതാനത്തിന് അടുത്തുള്ള നൂറ്റാണ്ട് പഴക്കമുള്ള ഫായ്‌സ്–ഇ–ഇലാഹി മസ്‌ജിദിന് സമീപമുള്ള കെട്ടിടങ്ങളാണ് ബുധൻ പുലർച്ചെ ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ വൻപൊലീസ് സന്നാഹത്തോടെ 32 ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. പൊളിക്കലിനെതിരെ മസ്‌ജിദ് ഭരണസമിതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇടിച്ചുനിരത്തൽ.
മസ്‌ജിദ് പൊളിക്കാനുള്ള നീക്കം തടയാൻ നാട്ടുകാർ സജ്ജരായതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന്, റോഡുകൾ അടച്ചു. കൂടുതൽ പൊലീസും ദ്രുതകർമസേനയും രംഗത്തിറങ്ങി.










0 comments