പിണറായിക്കെതിരായ ഇ ഡി നീക്കം പകപോക്കൽ; ഒടുവിൽ ജയിക്കുന്നത് സത്യവും നീതിയും: തേജസ്വി യാദവ്

തേജസ്വി യാദവ്, പിണറായി വിജയന്‍
ന്യൂഡൽഹി: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം രാഷ്ട്രീയ പകപോക്കലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ നിറവേറ്റാനും പ്രാദേശിക കക്ഷികളെ ഇല്ലാതാക്കാനും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. എന്നിരുന്നാലും സത്യവും നീതിയുമായിരിക്കും ഒടുവിൽ വിജയിക്കുക എന്നും തേജസ്വി യാദവ് സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയും, റെയ്ഡുകൾ നടത്തുകയും, ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ അങ്ങനെ ചെയ്ത എത്ര പ്രതിപക്ഷ നേതാക്കളെയാണ് പിന്നീട് ബിജെപിയിൽ ചേർത്തത്? അവർക്കെത്ര പേർക്ക് സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകി ഉയർന്ന പദവികൾ സമ്മാനിച്ചു? അഴിമതിപ്പണം വാങ്ങുന്നത് വീഡിയോ ഉൾപ്പെടെ പുറത്തുവന്നവരെയാണ് മുഖ്യമന്ത്രിയാക്കിയതെന്നും തേജസ്വി യാദവ് പറഞ്ഞു.
ഇ ഡി നടപടിയെ എഎപി നേതാവ് അരവിന്ദ് കെജ്‍രിവാളും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷപാർടികളെ തകർക്കാൻ ബിജെപി കേന്ദ്രഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന് കെജ്‍രിവാൾ പറഞ്ഞു. പിണറായിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് കോൺഗ്രസ് പരാതിപ്പെട്ടതിന് പിന്നാലെ പൊടുന്നനെയാണ് ഇ ഡിയുടെ നീക്കമുണ്ടായത്. ഇത് കോൺഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കെജ്‍രിവാൾ പറഞ്ഞു. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ആയുധമാക്കുന്ന പ്രവണത വർധിച്ചു വരുകയാണെന്നും ഇത്തരം നടപടികൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണെന്നും എം കെ സ്റ്റാലിനും പ്രതികരിച്ചു. പിണറായി വിജയനെ ബിജെപി ഇതുവരെ എന്തുകൊണ്ട് ലക്ഷ്യമാക്കിയില്ല എന്ന് ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്ന ചില കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദിത്തപരമായ ആരോപണങ്ങളുടെ പൊള്ളത്തരവും പുറത്തായെന്നും സ്റ്റാലിൻ കൂട്ടിചേർത്തു.











0 comments