ട്രംപിന്റെ പ്രതികാരച്ചുങ്കം
വളർച്ച ഇടിയും ; മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര ഏജന്‍സികള്‍

എം പ്രശാന്ത്
Published on Aug 09, 2025, 01:39 AM | 1 min read
ന്യൂഡൽഹി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജൻസികൾ. മൊത്തം ആഭ്യന്തര വളർച്ചാനിരക്ക് (ജിഡിപി) 30 പോയിന്റുവരെ ഇടിയുമെന്ന് മൂഡീസ് റേറ്റിങ്‌സ് പ്രവചിച്ചു. ജിഡിപി വളർച്ച നടപ്പ് സാമ്പത്തികവർഷം ആറ് ശതമാനത്തിലേക്ക് ഇടിയും. ജിഡിപിയിൽ എൺപത് പോയിന്റുവരെ ഇടിവുണ്ടാകാം എന്നാണ് റേറ്റിങ് ഏജൻസി മോർഗൻ സ്റ്റാൻലിയുടെ നിഗമനം. ജിഡിപി വളർച്ച അഞ്ചര ശതമാനം വരെയായി ഇടിയാം. കഴിഞ്ഞ സാമ്പത്തികവർഷം 6.5 ശതമാനമായിരുന്നു ജിഡിപി വളർച്ച. വളർച്ച ഇടിയുന്നത് രാജ്യത്തിന്റെ റവന്യൂ വരുമാനത്തെ ബാധിക്കും. തൊഴിലില്ലായ്‌മ വർധിക്കും, ഒപ്പം ജനങ്ങളുടെ വാങ്ങൽശേഷിയും കുറയും.
ട്രംപിന്റെ പ്രഖ്യാപനം ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്‌സ് വെള്ളിയാഴ്‌ച 765.47 പോയിന്റും നിഫ്‌റ്റി 232.85 പോയിന്റും ഇടിഞ്ഞു. രണ്ട് വിപണികളിലും ഒരു ശതമാനത്തോളമാണ് ഇടിവ്. ഈയാഴ്‌ച സെൻസെക്‌സ് 0.9 ശതമാനവും നിഫ്‌റ്റി 0.8 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇയിൽ ലിസ്റ്റ്‌ചെയ്‌ത കമ്പനികളുടെ വിപണിമൂല്യം 445 ലക്ഷം കോടിയിൽനിന്ന് 440 ലക്ഷം കോടിയായി ഇടിഞ്ഞു. നിക്ഷേപകർക്ക് നഷ്‌ടം അഞ്ചുലക്ഷം കോടി.
റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങുന്നതിനെതിരായ യുഎസ് നടപടിക്ക് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുതിച്ചു. വെള്ളിയാഴ്‌ച ക്രൂഡ് വില 0.59 ശതമാനം ഉയർന്ന് ബാരലിന് 66.82 ഡോളറിലെത്തി. അമേരിക്കൻ ഭീഷണിയെ തുടർന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ നിർത്തിയിരുന്നു.
പകരം ബാരലിന് 10 ഡോളറോളം കൂടിയ വിലയ്‌ക്ക് യുഎസിൽനിന്നും സൗദി, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുമാണ് പൊതുമേഖലാ കമ്പനികൾ എണ്ണ വാങ്ങുന്നത്. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചാൽ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്രൂഡ് വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയർത്തും.









0 comments