4.7 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് ഒറ്റ ദിവസത്തെ നഷ്ടം
ട്രംപിന്റെ ചുങ്കപ്പക ; ഓഹരിയിടിഞ്ഞു

കൊച്ചി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചുങ്കപ്പക ഇന്ത്യൻ ഓഹരിവിപണിയെ തുടർച്ചയായ മൂന്നാംദിവസവും നഷ്ടത്തിലാക്കി. ചൈനയുടെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചു. ബിഎസ്ഇ സെൻസെക്സ് 0.83 ശതമാനവും എൻഎസ്ഇ നിഫ്റ്റി 0.81 ശതമാനവുമാണ് ഇടിഞ്ഞത്. സെൻസെക്സ് 369.52 പോയിന്റ് നഷ്ടത്തിൽ 82,820.76ലാണ് വ്യാപാരം ആരംഭിച്ചത്. 689.81 പോയിന്റ് നഷ്ടത്തിലാ വ്യാപാരം അവസാനിപ്പിച്ചത്. 25,255.50ൽ ആരംഭിച്ച നിഫ്റ്റിക്ക് 205.40 പോയിന്റ് നഷ്ടമായി.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം മുന്‍ദിവസത്തെ 461.39 ലക്ഷം കോടിയില്‍നിന്ന് 456.69 ലക്ഷം കോടിയായി. 4.7 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തെ നഷ്ടം.
അമേരിക്കൻ വിപണിയെ ആശ്രയിച്ചുനിൽക്കുന്ന ഐടി കമ്പനി ഓഹരികൾ കടുത്ത വിൽപ്പന സമ്മർദം നേരിട്ടപ്പോൾ ബിഎസ്ഇ ഐടി സൂചിക 1.65 ശതമാനം നഷ്ടത്തിലായി. ഓട്ടോ (1.72 ശതമാനം), ഓയിൽ ആൻഡ് ഗ്യാസ് (1.28), ടിസിഎസ് (3.46), എച്ച്സിഎൽ ടെക് (1.58), ഇൻഫോസിസ് (1.35), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (2.75),ടാറ്റാ മോട്ടോർസ് (2) മാരുതി സുസുക്കി (0.47),റിലയൻസ് (1.47), കൊച്ചി കപ്പൽശാല (1.69), അദാനി പോർട്സ് (0.81), ടാറ്റാ സ്റ്റീൽ (0.50) എന്നിവയാണ് നഷ്ടത്തിലായ പ്രധാന ഓഹരികൾ.
എണ്ണയ്ക്ക് നേട്ടം, രൂപയ്ക്ക് നഷ്ടം
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചു. ഒരുവീപ്പ എണ്ണയ്ക്ക് വ്യാഴാഴ്‌ച 68.64 ഡോളറായിരുന്നത് വെള്ളിയാഴ്ച 69.07 ഡോളറായി. എണ്ണവില വർധനയും ആഭ്യന്തര ഓഹരിവിപണിയിലെ നഷ്ടവും യുഎസ് പ്രസിഡന്റിന്റെ വ്യാപാരനയത്തിലെ അനിശ്ചിതത്വവും ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായി. അമേരിക്കൻ ഡോളറിനെതിരെ 18 പൈസ നഷ്ടത്തിൽ 85.83ലാണ് രൂപ വ്യാപാരം തുടങ്ങിയത്. 14 പൈസ നഷ്ടത്തിൽ 85.79ൽ വ്യാപാരം അവസാനിപ്പിച്ചു.









0 comments