വീണുടഞ്ഞ വിദേശനയം ; കയറ്റുമതി കരതൊടില്ല
‘മൈ ഫ്രണ്ടി’ന്റെ അമ്പതിന്റെ പണി

എം പ്രശാന്ത്
Published on Aug 08, 2025, 02:08 AM | 3 min read
ന്യൂഡൽഹി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘‘മൈ ഫ്രണ്ട്’’എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കാറുള്ളത്. ട്രംപും മോദിയെ പലവട്ടം പുകഴ്‌ത്തിയിട്ടുണ്ട്. പരസ്‌പരം തെരഞ്ഞെടുപ്പ് പ്രചാരണംവരെ നടത്തി. 2019 സെപ്‌തംബറിൽ ടെക്‌സാസിലെ ‘ഹൗഡിമോദി’ റാലിയിൽ ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് പ്രഖ്യാപിക്കാൻ മോദിക്ക് മടിയുണ്ടായില്ല. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി യുഎസിലെ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രഖ്യാപനം. പിന്നീട് 2020 ഫെബ്രുവരിയിൽ അഹമദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ എന്ന പേരിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് പ്രത്യേക റാലിയും മോദി സംഘടിപ്പിച്ചു. ഇങ്ങനെ ഒട്ടിനടന്ന ട്രംപാണ് ഇപ്പോൾ അമ്പത് ശതമാനം അധികതീരുവ പ്രഖ്യാപിച്ച് ഇന്ത്യയെ ദ്രോഹിക്കുന്നത്.
കഴിഞ്ഞ മൂന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ട്രംപിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് മോദിയും സംഘപരിവാരവും സ്വീകരിച്ചത്. 2016ലും 2024ലും ട്രംപ് ജയിച്ചപ്പോൾ മോദിയും സംഘപരിവാരവും അമിതമായി ആഹ്ലാദിക്കുകയും ചെയ്‌തു. ട്രംപ് താൽപ്പര്യപ്പെടും വിധം ഇന്ത്യയുടെ വിദേശ–വ്യാപാര –പ്രതിരോധ നയങ്ങളിൽ മോദി മാറ്റവും വരുത്തി. യുഎസിൽ നിന്ന് കൂടുതലായി പ്രതിരോധ ഉപകരണങ്ങളും ക്രൂഡോയിലും മറ്റും വാങ്ങാൻ തുടങ്ങി. യുഎസിൽ നിന്ന് ആണവോർജ ഉൽപ്പാദനത്തിന് ആവശ്യമായ ഉപകരണം വാങ്ങുന്നതിന് ആണവോർജ നിയമത്തിലും ആണവബാധ്യതാ നിയമത്തിലും ഭേദഗതിക്ക് നീക്കം തുടങ്ങി. ട്രംപിന്റെ താൽപ്പര്യാനുസരണം ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്തർദേശീയ വേദികളിൽ പലസ്‌തീനെ തള്ളി. പലസ്‌തീൻ അനുകൂല റാലികൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ചൈനയെ ഒറ്റപ്പെടുത്താൻ ക്വാഡ് കൂട്ടായ്‌മയിൽ സജീവമായി.
ഈ രീതിയിൽ ട്രംപിനെ പ്രീതിപ്പെടുത്തിയ മോദിക്ക് മുഖത്തേറ്റ അടിയാണ് തീരുവ പ്രഖ്യാപനം. ഇന്ത്യ മോശം വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയുടേത് ചത്ത സമ്പദ്‌വ്യവസ്ഥയാണെന്നും ട്രംപ് പരിഹസിച്ചു. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നൂറുക്കണക്കിന് ഇന്ത്യക്കാരെ കൈകാൽ ബന്ധിച്ച് സൈനിക വിമാനത്തിൽ യുഎസിൽ നിന്ന് തിരിച്ചയച്ചിട്ടും മോദി നിശബ്‌ദം കണ്ടുനിന്നു. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയെയും മെക്‌സിക്കൽ പ്രസിഡന്റ് ക്ലോഡിയാ ഷെയിൻബാമിനെയും പോലുള്ള ലോകനേതാക്കൾ ട്രംപിന്റെ ഭീഷണികളോട് അതേ രീതിയിൽ പ്രതികരിക്കുമ്പോഴാണ് മോദിയുടെ മിണ്ടാതിരുന്നത്.
വീണുടഞ്ഞ വിദേശനയം
മോദി സർക്കാരിന്റെ അമേരിക്കൻ പ്രീണന വിദേശനയത്തിനേറ്റ തിരിച്ചടിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രഖ്യാപനം. ഇന്ത്യക്കുമേൽ അമിത തീരുവ പ്രഖ്യാപിച്ചതിന് പുറമെ പാകിസ്ഥാനുമായുള്ള ബന്ധം അമേരിക്ക കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്. പാകിസ്ഥാനുമായി വൈകാതെ വ്യാപാര കരാറിൽ എത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാനിൽ ക്രൂഡോയിൽ പര്യവേഷണ പദ്ധതിയിൽ അമേരിക്കൻ നിക്ഷേപവും ട്രംപ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഭാവിയിൽ പാകിസ്ഥാന്റെ ക്രൂഡോയിൽ ഇന്ത്യ വാങ്ങുമെന്ന പരിഹാസവും യുഎസ് പ്രസിഡന്റ് നടത്തി.

ജനുവരിയിൽ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായപ്പോൾ ആദ്യം അഭിനന്ദിച്ച ലോകനേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ട്രംപിനെ പ്രീതിപ്പെടുത്തുന്ന നടപടികളിലേക്ക് അതിവേഗം മോദി നീങ്ങുകയും ചെയ്‌തു. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെ അന്തർദേശീയമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിന് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ മോദി പ്രതീക്ഷിച്ചിരുന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ യുഎസിലേക്ക് അയച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. മറുവശത്ത് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ട്രംപ് വൈറ്റ്‌ഹൗസിലേക്ക് ക്ഷണിച്ചുവരുത്തി സൽക്കരിക്കുകയും ചെയ്‌തു. ട്രംപിനെ നൊബേൽ പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്‌തതോടെയാണ് മുനീർ വൈറ്റ്‌ഹൗസിന്റെ വിശ്വസ്‌തനായി മാറിയത്. ഇപ്പോൾ രണ്ടാമതും യുഎസ് സന്ദർശനത്തിന് ഒരുങ്ങുകയാണ് പാക് സേനാമേധാവി. മോദി സർക്കാരിന്റെ നയതന്ത്ര നിലപാടുകളുടെ പരാജയം കൂടിയാണ് പാകിസ്ഥാനുമായുള്ള അമേരിക്കയുടെ വിപുലപ്പെടുന്ന സൗഹൃദം.
കയറ്റുമതി കരതൊടില്ല
അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് കൊണ്ടുതന്നെ ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്‌ക്ക് കനത്ത ആഘാതമാകും. 2024–-25 സാമ്പത്തികവർഷത്തിൽ ഇന്ത്യയും യുഎസുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.53 ലക്ഷം കോടി രൂപയും ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയാണ്. യുഎസിൽ നിന്നുള്ള ഇറക്കുമതി 3.94 ലക്ഷം കോടി രൂപയുടേതാണ്. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാര മിച്ചമാണ് ഇന്ത്യക്ക് യുഎസുമായുള്ളത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമാക്കി ഉയർത്തിയതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇടിയാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഏറ്റവും ദോഷകരമായി ബാധിക്കുക ടെക്‌സ്‌റ്റൈൽസ് മേഖലയെയാണ്. ആഭരണം–വിലപിടിപ്പുള്ള കല്ലുകൾ, തുകൽ–പാദരക്ഷ, സമുദ്രോൽപ്പന്നം, രാസവസ്‌തുക്കൾ, മരുന്നുകൾ, വിവിധയിനം യന്ത്രങ്ങൾ, ഇലക്‌ട്രിക്കൽ ഉൽപ്പന്നങ്ങൾ, ഇലക്‌ട്രോണിക്‌സ്, പെട്രോളിയം തുടങ്ങിയ മേഖലകളും ബാധിക്കപ്പെടും. ഈ മേഖലകളിലെല്ലാം ഇന്ത്യയ്‌ക്കൊപ്പം കയറ്റുമതി മേഖലയിൽ മൽസരിക്കുന്ന ചൈന, വിയത്‌നാം, മലേഷ്യ, തായ്‌ലൻഡ്, മെക്‌സിക്കോ, ബംഗ്ലാദേശ്, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം കുറഞ്ഞ തീരുവയാണുള്ളത്. ഇത് വ്യാപാരരംഗത്ത് തിരച്ചടിയാകും.
ടെക്‌സ്‌റ്റൈൽ മേഖലയിൽ മാത്രം അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം പ്രതിവർഷം ഒരു ലക്ഷം കോടിയുടേതാണ്. അധികതീരുവ കൂടിയാകുമ്പോൾ 59 ശതമാനമായി തുണിത്തരങ്ങളുടെ തീരുവ ഉയരും.
ആഭരണങ്ങളുടെയും വിലപിടിപ്പുള്ള കല്ലുകളുടെയും പ്രതിവർഷ വ്യാപാരം ഒരു ലക്ഷം കോടിയുടേതാണ്. തുകൽ–പാദരക്ഷ (10266 കോടി), രാസവസ്‌തുക്കൾ (20358 കോടി), സമുദ്രോൽപ്പന്നം (20000 കോടി), യന്ത്രങ്ങൾ–ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ (78300 കോടി) എന്നീ മേഖലകൾക്കും യുഎസിന്റെ തീരുവ പ്രഖ്യാപനം തിരിച്ചടിയാകും.










0 comments