ചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ
ട്രംപിന്റെ തീരുവ ഇന്ത്യക്ക് തിരിച്ചടി

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടിയേകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം. ചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനുപുറമെ ബ്രിക്‌സ് കൂട്ടായ്‌മയിലെ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയും ഇന്ത്യക്ക് തിരിച്ചടിയാണ്. ബ്രിക്‌സ് കൂട്ടായ്‌മ അമേരിക്കൻ വിരുദ്ധമാണെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു.
ചെമ്പ് ഉൽപ്പന്നങ്ങളും മരുന്നുകളും ഇന്ത്യയിൽനിന്ന് ധാരാളമായി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യത്തിൽ പുതിയ തീരുവപ്രഖ്യാപനം ഇന്ത്യൻ കയറ്റുമതി മേഖലയ്‌ക്ക് ആഘാതമാകും. നേരത്തെ സ്റ്റീൽ–- അലുമിനിയം തീരുവകളും ട്രംപ് ഇരട്ടിയായി വർധിപ്പിച്ച് 50 ശതമാനത്തിലേക്ക് എത്തിച്ചിരുന്നു. ഈ തീരുമാനങ്ങൾക്കെതിരായി നിലവിൽ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിച്ചിരിക്കുകയാണ്.
ഇന്ത്യയുമായി ഇടക്കാല വ്യാപാരക്കരാർ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ട്രംപിന്റെ പുതിയ തീരുവ തീരുമാനങ്ങൾ എന്നതും ശ്രദ്ധേയമാണ്. 200 കോടി ഡോളറിന്റെ ചെമ്പും ചെമ്പ് ഉൽപ്പന്നങ്ങളുമാണ് ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷം കയറ്റുമതി ചെയ്‌തത്. ഇതിൽ 36 കോടി ഡോളറിന്റെയും (17 ശതമാനം) കയറ്റുമതി യുഎസിലേക്കായിരുന്നു. ഇന്ത്യ ഏറ്റവും കൂടുതൽ മരുന്ന് കയറ്റുമതി ചെയ്യുന്നതും അമേരിക്കയിലേക്കാണ്. കഴിഞ്ഞ സാമ്പത്തികവർഷം 98 കോടി ഡോളറിന്റെ മരുന്നുകളാണ് കയറ്റുമതി ചെയ്‌തത്.
ഇന്ത്യയുടെ ആകെ മരുന്നുകയറ്റുമതിയുടെ 40 ശതമാനവും നിലവിൽ യുഎസിലേക്കാണ്.
അതേസമയം, ഇടക്കാല വ്യാപാരക്കരാർ പ്രഖ്യാപനം നീളുകയാണ്. ജൂലൈ ഒമ്പത് മുതൽ ട്രംപ് നടപ്പാക്കാനിരുന്ന 26 ശതമാനം പകരം തീരുവയുടെ നടപ്പാക്കൽ ആഗസ്‌തിലേക്ക് മാറ്റി. ഇടക്കാല കരാർ ചർച്ചകൾ ഇന്ത്യയും യുഎസും നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. കരടുകരാർ ട്രംപിന്റെ പരിഗണനയിലാണ്.









0 comments