സ്കൂളുകളുടെ ദയനീയവസ്ഥ; ത്രിപുരയിൽ ശക്തമായ പ്രക്ഷോഭവുമായി എസ്എഫ്ഐ

അഗർത്തല: പൊതുവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണ നീക്കവും അധ്യാപക ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുരയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക, ഭയരഹിതവും ജനാധിപത്യപരവുമായ ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയാണ് വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലുള്ളതിനാൽ ത്രിപുരയിൽ ‘ഡബിൾ എൻജിൻ സർക്കാർ’ ആണെന്ന ബിജെപിയുടെ അവകാശവാദം യാഥാർഥ്യത്തിൽ ‘ഡബിൾ പരാജയമായി’ മാറിയെന്ന് എസ്എഫ്ഐ പറയുന്നു. പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പകരം സർക്കാർ സ്കൂളുകളെ ദുർബലപ്പെടുത്തുകയും സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുകയും ചെയ്യുകയാണെന്നാണ് സംഘടനയുടെ വിമർശനം.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക ക്ഷാമം ഗുരുതരമാണെന്ന് നിതി ആയോഗിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ത്രിപുരയിലെ 4,943 സ്കൂളുകളിൽ 340 എണ്ണം ഒരു അധ്യാപകനെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഏകദേശം 6,500 വിദ്യാർഥികളാണ് പഠിക്കുന്നത്. നിലവിലെ ഒഴിവുകൾ നികത്താൻ പ്രാഥമിക തലത്തിൽ 6,006 പേരെയും സെക്കൻഡറി തലത്തിൽ 843 പേരെയും ഹയർ സെക്കൻഡറി തലത്തിൽ 1,171 പേരെയും ആവശ്യമുണ്ടെന്നാണ് റിപ്പോർട്ട്. ഗ്രാമീണ-ആദിവാസി മേഖലകളിലാണ് അധ്യാപക ക്ഷാമം കൂടുതൽ രൂക്ഷമെന്നും ഡിജിറ്റൽ സൗകര്യങ്ങൾ, ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ 29 ജനറൽ ഡിഗ്രി കോളേജുകളിൽ 15 എണ്ണത്തിലും പ്രിൻസിപ്പൽമാരില്ലെന്നും അധ്യാപക തസ്തികകളിൽ വലിയ ഒഴിവുകളുണ്ടെന്നും എസ്എഫ്ഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂളുകൾ സംരക്ഷിക്കുക, കൊഴിഞ്ഞുപോക്ക് തടയുക, കോളേജുകളിലെ ജനാധിപത്യവിരുദ്ധ സാഹചര്യം അവസാനിപ്പിക്കുക എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപക പ്രക്ഷോഭം ശക്തമാക്കുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു.
അധ്യാപക നിയമനം ഉടൻ നടത്തുക, അധ്യാപക നിയമന ബോർഡിന്റെ പരീക്ഷകൾ കൃത്യമായ ഇടവേളകളിൽ സുതാര്യമായി നടത്തുക, സ്വകാര്യ സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കുക, സർക്കാർ സ്കൂളുകളിലെ ഫണ്ട് വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ, ട്രൈബൽ യൂത്ത് ഫെഡറേഷൻ എന്നിവ ഈ മാസം ആദ്യം വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകിയിരുന്നു.
ഇതിനിടെ ചില സർക്കാർ സ്കൂളുകൾ സംയോജിപ്പിച്ച് രാമകൃഷ്ണ മിഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് നടത്തിപ്പ് കൈമാറുന്നത് സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി മണിക് സാഹ ജൂണിൽ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ വിശദീകരണം. അതേസമയം, സർക്കാർ സ്കൂളുകളിൽ 8,000ത്തിലധികം അധ്യാപകരുടെ കുറവുണ്ടെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ ഒഴിവുകൾ നികത്താതെ സ്കൂളുകളുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്.
അധ്യാപകരെ ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും നേരിട്ട് സമരത്തിനിറങ്ങുന്ന സംഭവങ്ങളും സംസ്ഥാനത്ത് ആവർത്തിക്കുന്നുണ്ട്. ആഗസ്ത് 20ന് ഒരു സ്കൂളിൽ അധിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂൾ ഗേറ്റ് പൂട്ടുകയും വിദ്യാർഥികൾ ‘അധ്യാപകരെ വേണം’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ക്യാമ്പസുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും പുതിയ പ്രക്ഷോഭത്തിൽ പ്രധാനമായി ഉയർത്തിയിട്ടുണ്ട്. ആഗസ്ത് 15ന് വടക്കൻ ത്രിപുരയിലെ ചുരൈബാരി ക്ലാസ് XII സ്കൂളിൽ വിദ്യാർഥി സംഘടനകളുടെ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. എബിവിപി അംഗത്വവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളും എസ്എഫ്ഐ ഉയർത്തുന്ന ‘ഭയരഹിത ജനാധിപത്യ അന്തരീക്ഷം’ എന്ന ആവശ്യത്തിന് പശ്ചാത്തലമാകുകയാണ്. ആഗസ്ത് 24ന് അഗർത്തലയ്ക്ക് സമീപമുള്ള ജോഗേന്ദ്രനഗറിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമി സംഘം തകർത്തിരുന്നു. ബിജെപി റാലിയിൽ പങ്കെടുത്തവരാണ് ഓഫീസിനകത്തും പുറത്തും നാശനഷ്ടമുണ്ടാക്കിയതെന്നും വാഹനങ്ങൾ തകർത്തത്.
ആക്രമിക്കപ്പെട്ട പാർടി ഓഫീസ് സന്ദർശിച്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കേന്ദ്രത്തിലും ത്രിപുരയിലും ബിജെപി ഉയർത്തിപ്പിടിക്കുന്ന ‘ഡബിൾ എൻജിൻ’ ഭരണം ജനങ്ങൾക്കും ജനാധിപത്യത്തിനും ‘ട്രബിൾ എൻജിനായി’ മാറിയെന്ന് വിമർശിച്ചിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും രാഷ്ട്രീയ എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചു.
പൊതുവിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുക, വിദ്യാർഥികളുടെ പഠനാവകാശവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി പ്രക്ഷോഭം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.









0 comments