തൃണമൂൽ കോൺഗ്രസിൽ അട്ടിമറി; മമത ബാനർജിയെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് 'നീക്കിയെന്ന്' വിമത വിഭാഗം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി വിമത വിഭാഗം. പാർട്ടി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് മമത ബാനർജിയെ 'നീക്കിയതായി' പ്രഖ്യാപിച്ച വിമതർ, സമാന്തര നേതൃത്വവും പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്നത്. പാർട്ടിയിലെ വലിയൊരു വിഭാഗം എംഎൽഎമാരുടെയും ഭാരവാഹികളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെട്ടു.
മുൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മമതയുടെ അടുത്ത അനുയായികൾ തങ്ങൾക്കൊപ്പം ചേർന്നതായും വിമത ക്യാമ്പ് അവകാശപ്പെടുന്നു. പശ്ചിമ ബംഗാൾ നിയമസഭയിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ച തിങ്കളാഴ്ച തന്നെയാണ് ഈ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്.
ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാർ യോഗം ചേർന്നു. ഏകദേശം 60 എംഎൽഎമാരും 70-ഓളം മുൻ കൗൺസിലർമാരും തങ്ങളുടെ യോഗത്തിൽ പങ്കെടുത്തുവെന്നും ഇവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നുമാണ് വിമത വിഭാഗത്തിന്റെ അവകാശവാദം.
യോഗത്തിൽ 30 അംഗങ്ങളുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചതായും, ഇതാണ് തൃണമൂൽ കോൺഗ്രസിന്റെ നിയമാനുസൃതമായ സംഘടനാ ഘടനയെന്നും ഇവർ പ്രഖ്യാപിച്ചു. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ഈ നീക്കം തൃണമൂൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.










0 comments