അടിമവേലയിൽ നിന്ന് സർപഞ്ച് പദവിയിലേക്ക്; പെദ്ദലിംഗമ്മയുടെ പോരാട്ടം അവസാനിക്കുന്നില്ല

ഹൈദരാബാദ്: അമരഗിരി ഗ്രാമത്തിൽ വിജയപുഞ്ചിരികളോടെ കൈകൾ കോർത്ത് പിടിച്ച് സ്ത്രീകൾ നടത്തിയ നൃത്താഘോഷങ്ങൾ അപൂർവ്വമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി. വിലക്കുകളും അടിമത്തവും അഴിച്ചെറിഞ്ഞ മുന്നേറുന്ന ജനതയുടെ പുതു ചുവട്.
തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിലെ അമരഗിരിയിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമ സർപഞ്ച് (തലവൻ) ആയി പെദ്ദലിംഗമ്മ തെരഞ്ഞെടുക്കപ്പെട്ടു.
ദശാബ്ദങ്ങളായി അടിമ തൊഴിലാളിയായിരുന്ന അവർ. ചൂഷണത്താൽ മനം മരവിച്ചുപോയ ഗ്രാമത്തിന്റെയും ധീരമായ തീരുമാനമായിരുന്നു അവരുടെ മത്സരം. അത്രയും വീറോടെ പോരാടി നേടിയതാണ് അവരുടെ വഴികൾ.
ലിംഗമ്മയുടെ വിജയം സ്ത്രീകളുടെയും പോരാട്ടത്തിന്റെ വിജയമാണ്. പട്ടികവർഗ സംവരണ സർപഞ്ച് സീറ്റിൽ ഒരു എതിരാളി മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളു. പെണ്ണ് എന്തിന് മത്സരിക്കുന്നു എന്ന് ചോദിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്ത് വന്ന അവരുടെ സ്വന്തം ഇളയ സഹോദരൻ. അങ്ങിനെ ആണധികാരത്തെയും അടിമത്തത്തെയും അവർ ഈ വിജയം കൊണ്ട് ചോദ്യം ചെയ്തു.
അടിമ തൊഴിലാളികൾ
മൂന്ന് പതിറ്റാണ്ടിലേറെയായി, ചെഞ്ചു ഗോത്രത്തിലെ പെദ്ദലിംഗമ്മയും മറ്റ് 44 കുടുംബങ്ങളും ക്രൂരമായ ബോണ്ടഡ് ലേബറിന് വിധേയരായി ആരാലും കാണപ്പെടാതെ കഴിയുകയായിരുന്നു. കൃഷ്ണ നദിയിൽ മീൻ പിടിച്ചായിരുന്നു ജീവൻ നിലനിർത്തിയത്. മത്സ്യബന്ധന വ്യാപാരം നിയന്ത്രിക്കുന്ന പ്രാദേശിക ബിസിനസുകാരുടെ കടബാധ്യതയിലും ചൂഷണങ്ങളിലും അഴുകുകയാരുന്നു അവരുടെ ജീവിതങ്ങൾ. നിത്യ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട അവർക്ക് ന്യായമായ വിപണി പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നു.
ഒരു എൻ ജി ഓ ഇടപെടലിനെ തുടർന്ന്, 2016 ജനുവരിയിൽ സർക്കാർ അന്വേഷണത്തിൽ മുഴുവൻ ഗ്രാമത്തിന്റെയും അടിമാവസ്ഥ സ്ഥിരീകരിച്ചിരുന്നു. അന്ന് 106 വ്യക്തികളെ രക്ഷപ്പെടുത്തി 65 പേർക്ക് വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകി. അപ്പോഴും അടിമത്തം പലവഴി തുടർന്നു. ചൂഷകർ പല രൂപത്തിൽ ഭാവത്തിൽ കുരുക്കായി കൂടെക്കൂടി.
ക്രമേണ അവർ സ്വയം ശാക്തീകരണം നേടി. അമരഗിരി റിലീസ്ഡ് ബോണ്ടഡ് ലേബേഴ്‌സ് അസോസിയേഷൻ (RBLA) രൂപീകരിച്ചു. സ്വയം സംഘടിച്ചു, സർക്കാർ ആനുകൂല്യങ്ങൾ നേടി. സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഒരു മത്സ്യ സംസ്കരണ യൂണിറ്റ് ആരംഭിച്ചു. ലിംഗമ്മ സജീവ പ്രവർത്തകയായിരുന്നു.
അടിമത്തത്തിൽ നിന്ന് സർപഞ്ച് പദവിയിലേക്ക്
ലിംഗമ്മയുടെ ജീവിതവും എല്ലാവരെയും പോലെ കടബാധ്യതയുടെ നിഴലിലാണ് ആരംഭിച്ചത്. നല്ലമല വനത്തിന്റെ ഇടതൂർന്ന പ്രദേശത്തിന് ചേർന്ന് കൃഷ്ണ നദി കടന്നുപോകുന്ന കൊല്ലാപ്പൂർ മേഖലയിലാണ് അവരുടെ വീട്.
അമരഗിരിയിലെ ചെഞ്ചു ഗോത്രത്തിലെ അംഗമാണവർ. തദ്ദേശീയരായ ഗൊല്ല കുടുംബങ്ങളുടെ കീഴിൽ തലമുറകളായി തുടരുന്ന അടിമത്തം അവരെയും കുരുക്കി. നദിയിൽ മീൻപിടിക്കുന്നതാണ് പരമ്പരാഗത തൊഴിൽ. വലകൾക്കും സാധനങ്ങൾക്കുമായി ഉയർന്ന പലിശയ്ക്ക് ചെറിയ വായ്പകൾ നൽകി അവരെ ചൂഷകർ അടിമളാക്കി വെച്ചു.
ലിംഗമ്മ പറയുന്നു- “ആദ്യം സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്തതാണെന്ന് ഞങ്ങൾ കരുതി, അതിനാൽ എന്റെ സഹോദരൻ ഉൾപ്പെടെ എല്ലാ ഗ്രാമവാസികളും ഞാൻ മത്സരിക്കണമെന്ന് പറഞ്ഞു, ആദ്യം എനിക്ക് മടിയായിരുന്നു. എന്നാൽ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചു, എന്നോട് പിന്മാറാൻ ആവശ്യപ്പെട്ടു, അപ്പോൾ ഞാൻ വിസമ്മതിച്ചു. എന്തുകൊണ്ട് പെണ്ണിന് പറ്റില്ല. ഒടുവിൽ ഞങ്ങൾ അദ്ദേഹത്തെ പരാജയപ്പെടുത്തി. എനിക്ക് 133 വോട്ടുകൾ ലഭിച്ചു, എന്റെ സഹോദരന് 91 വോട്ടുകൾ ലഭിച്ചു,” 50 കാരിയായ പെദ്ദലിംഗമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവരുടെ രണ്ട് ആൺമക്കളും മത്സ്യത്തൊഴിലാളികളാണ്, അവർ ദിവസവും രണ്ടുതവണ മത്സ്യബന്ധനത്തിന് പോകുന്നു. എന്നാൽ അവരുടെ കൊച്ചുമക്കൾ സ്കൂളിൽ പോകുന്നുണ്ടെന്നും തൊഴിൽ വകുപ്പും ഫിഷറീസ് വകുപ്പും വഴി പദ്ധതികൾ ലഭിക്കുന്നതിനാൽ സമീപ വർഷങ്ങളിൽ സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
സ്ത്രീകൾ നേരിട്ടത് ഇരട്ട അടിമത്തം
“നേരത്തെ, ഞങ്ങൾ ചരക്കുനീക്കത്തിന് പോയിരുന്നു. ഗ്രാമത്തിലെ മത്സ്യബന്ധന വ്യാപാരം നിയന്ത്രിച്ചിരുന്ന പുരുഷന്മാർ ഞങ്ങൾക്ക് മത്സ്യബന്ധന വലകൾ തരുമായിരുന്നു. പക്ഷെ അവർ ഞങ്ങൾ പിടിച്ച മത്സ്യത്തിന് പണം നൽകാൻ വിസമ്മതിച്ചു. അത് വലകളുടെ തിരിച്ചടവ് കണക്കിലാണ് എന്ന് പറഞ്ഞു. ഇപ്പോൾ ഞങ്ങൾക്ക് മത്സ്യബന്ധന ബോട്ടുകളുണ്ട്. ഹൈദരാബാദിൽ നേരിട്ട് മത്സ്യം വിൽക്കാൻ ഒരു ഫോർ വീലർ വാഹനം ഉണ്ട്, ”അവർ പറഞ്ഞു.
സർപഞ്ച് എന്ന നിലയിൽ തന്റെ പദ്ധതികൾ ഫണ്ടുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ലിംഗമ്മ പറഞ്ഞു, എന്നാൽ കൊല്ലാപ്പൂരിലെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തുക, ഇന്ദിരാമ്മ ഇന്ദ്‌ലു പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള വീടുകൾ ഗ്രാമവാസികൾക്ക് ലഭ്യമാക്കാൻ സഹായിക്കുക. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നിവയാണ് അവരുടെ മുൻഗണന.
ലിംഗമ്മ താമസിക്കുന്ന ചെഞ്ചു ഗുഡെം അമരഗിരി ഗ്രാമത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഉയരത്തിലാണ്. ഏകദേശം 60 ചെഞ്ചു കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ടവരാണ്. ഗൊല്ല, തെലഗ സമുദായങ്ങളിലെ 200-ലധികം കുടുംബങ്ങളും ചെഞ്ചു ഗുഡെമിൽ നിന്ന് അകലെ, താഴ്‌ന്ന പ്രദേശങ്ങളിൽ അമരഗിരിയുടെ താഴ്വരയിൽ താമസിക്കുന്നുണ്ട്.
നാഗർകുർനൂൾ, വനപർത്തി, മഹബൂബ് നഗർ എന്നിവിടങ്ങളിൽ കുറഞ്ഞത് അഞ്ച് അടിമത്തത്തൊഴിലാളികൾ ഗ്രാമപഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് സർപഞ്ചുമാരും മൂന്ന് വാർഡ് അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ലിംഗമ്മ മാത്രമാണ് പോരാടി ജയിച്ച ഏക സ്ത്രീ.










0 comments