ad
Deshabhimani

ബിരിയാണിയും തണ്ണിമത്തനും, പിന്നാലെ നാല് മരണങ്ങളും; 12 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് ഒരു കുടുംബം

Unnatural death Pydhonie

മരണപ്പെട്ട നാലം​ഗ കുടുംബ (ഇടത്)

വെബ് ഡെസ്ക്

Published on Apr 27, 2026, 09:01 PM | 1 min read

മുംബൈ: മുംബൈയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പൈധോണി പ്രദേശത്താണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്. എല്ലാവരും ചേർന്ന് ആദ്യം ബിരിയാണി കഴിക്കുകയും അതിന് പിന്നാലെ തണ്ണിമത്തൻ കഴിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് ചികിത്സയിലിരിക്കെ എല്ലാവരും മരണപ്പെടുകയുമായിരുന്നു.


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; മൊബൈൽ അക്സസറീസ് ഷോപ്പ് നടത്തുന്ന അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവർ ശനിയാഴ്ച രാത്രി 10:30 ഓടെ അഞ്ച് ബന്ധുക്കൾക്കൊപ്പം ഒത്തുകൂടി ബിരിയാണി കഴിച്ചിരുന്നു. വിരുന്നിനുശേഷം ഇവർ പൈധോണിയിലുള്ള തങ്ങളുടെ വീട്ടിലേക്ക് മടങ്ങി. ആ സമയം വരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ ശേഷം പുലർച്ചെ ഒരു മണിയോടെ ഇവർ തണ്ണിമത്തൻ കഴിച്ചു. പുലർച്ചെ അഞ്ച് മണിയോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് ആരോഗ്യനില വഷളാകാൻ തുടങ്ങി. ആദ്യം പ്രദേശത്തുള്ള ഒരു ഡോക്ടറെ കാണിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ ജെജെ ആശുപത്രിയിലേക്ക് മാറ്റി.


ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിലെ നാല് അംഗങ്ങളും 12 മണിക്കൂറിനുള്ളിൽ ഒന്നിനുപുറകെ ഒന്നായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇളയ മകൾ സൈനബ് രാവിലെ 10:15 ഓടെ മരിച്ചു. തൊട്ടുപിന്നാലെ ചികിത്സയോട് അമ്മ നസ്രീനും മൂത്ത മകൾ ആയിഷയും മരണപ്പെട്ടു. അച്ഛൻ അബ്ദുള്ള രാത്രി 10:30 ഓടെയാണ് മരിച്ചത്.


ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നാലുപേരും വളരെ അവശ നിലയിലായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ സിയാദ് ഖുറേഷി പറഞ്ഞു.


അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ കഴിച്ച തണ്ണിമത്തന്റെ ബാക്കി ഭാഗങ്ങൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടും ഭക്ഷണ സാമ്പിളുകളും ഫോറൻസിക് സംഘം ഒത്തുനോക്കും. ഈ റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം എന്തെന്ന് വ്യക്തമാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home